amritpal

ഖലിസ്ഥാന്‍വാദി അമൃത്പാല്‍ സിങ് കീഴടങ്ങിയേക്കുമെന്ന സൂചനകള്‍ ശക്തം. പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ അമൃത്പാലും അനുയായി പപല്‍പ്രീതും മടങ്ങിയെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോഷിയാര്‍പൂരില്‍ പൊലീസ് വ്യാപക തിരച്ചില്‍ തുടങ്ങി. പഞ്ചാബിലെ ജയിലില്‍ പാര്‍പ്പിക്കണം, അറസ്റ്റല്ല, കീഴടങ്ങല്‍ എന്ന് രേഖപ്പെടുത്തണം, ദേശീയ സുരക്ഷ നിയമം ചുമത്തിയത് ഒഴിവാക്കണം എന്നിവയാണ് ഉപാധികളെന്നാണ് സൂചന. അമൃത്പാലിനും സഹായിക്കും ഡല്‍ഹി ലക്ഷ്മി നഗറില്‍ താമസ സൗകര്യമൊരുക്കിക്കൊടുത്ത രണ്ടാംവര്‍ഷ ഡല്‍ഹി സര്‍വകലശാല ബിരുദ വിദ്യാര്‍ഥിനിയെ പഞ്ചാബ് പൊലീസ് ചോദ്യംചെയ്യുകയാണ്. നേപ്പാളിലേക്ക് രക്ഷപ്പെടുന്നതിന് മുന്‍പാണ് വാരിസ് പഞ്ചാബ് ദേ തലവന്‍ ലക്ഷ്മി നഗറിലെ ഫ്ലാറ്റില്‍ താമസിച്ചത്. ‌കീഴടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപം പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. വ്യാപക തിരച്ചില്‍ നടക്കുമ്പോഴും അമൃത്പാലിനെ ഇതുവരെയും അറസ്റ്റ് ചെയ്യാനായിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ടെന്നും പഞ്ചാബ് പൊലീസ് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയെ അറിയിച്ചു. 

 

Khalistan Leader Amritpal Singh may surrender