സാങ്കേതിക സർവകലാശാല താൽക്കാലിക വിസി നിയമനത്തിന് പരിഗണിക്കാവുന്ന മൂന്ന് പേരുകൾ ഉൾപ്പെടുന്ന പാനൽ സർക്കാർ ഗവർണർക്ക് കൈമാറി.ഡിജിറ്റൽ സർവകലാശാല വി.സി സജി ഗോപി നാഥ് ,സാങ്കേതിക വിദ്യാഭ്യാസ ഡയരക്ടർ ബൈജു ഭായ് , പ്രൊഫസർ അബ്ദുൽ നസീർ എന്നിവരാണ് പട്ടികയിൽ ഉള്ളത്. ഇതിൽ ഡോ.സജി ഒഴികെയുള്ളവർ മേയ് 31 ന് സർവീസിൽ നിന്ന് വിരമിക്കുന്നവരാണ്. അവരിൽ ഒരാൾ താൽക്കാലിക വി.സി യായാൽ മേയ് 31 ന് ശേഷം സാമ്പത്തിക അധികാരങ്ങൾ ഉണ്ടാവില്ല. ഈ സാഹചര്യത്തിൽ ഡോ.സജി ഗോപിനാഥ് വി.സിയാകാനാണ് കൂടുതൽ സാധ്യത. നേരത്തെ അദ്ദേഹത്തിന്റെ പേര് സർക്കാർ മുന്നോട്ട്‌വെച്ചെങ്കിലും ഗവർണർ തള്ളിയിരുന്നു. കോടതിയിൽ നിന്ന് തിരിച്ചടികൾ വന്നതോടെ സർക്കാരിന് താൽപര്യമുള്ളവരെ താൽക്കാലിക വിസിയായി നിയമിക്കാമെന്ന് ഗവർണർ അറിയിക്കുകയായിരുന്നു. ഇപ്പോൾ വി.സിയുടെ ചുമതല വഹിക്കുന്ന ഡോ. സിസ തോമസ് 31 വിരമിക്കുന്ന സാഹചര്യത്തിൽ ഗവർണർ ഉടൻ ഇക്കാര്യത്തിൽ തീരുമാനം എടുക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

KTU VC: Govt submits three-member panel to Governor