സിനിമാതിരക്കഥകളെ വെല്ലുന്ന അനുഭവങ്ങൾ നിറഞ്ഞതാണ് ഇന്നസെന്റിന്റെ ജീവിതം. കർണാടകയിലെ ദാവൺഗരെയിൽ തീപ്പെട്ടിക്കമ്പനി നടത്തി പൊളിഞ്ഞ ഇന്നസെന്റ് വെള്ളിത്തിരയിലൂടെ ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്തി
എട്ടാം ക്ലാസ് പഠനത്തിനു ശേഷം സ്കൂളിൽ പോകാൻ മടിച്ച് അപ്പൻ തെക്കേത്തല വറീതിന്റെ കടയിൽ സഹായിയായി ഇന്നസെന്റ് കൂടി. കടത്തിണ്ണയിലും വരാന്തയിലും രസികൻ തമാശകൾ പൊട്ടിച്ചും ചിരിയുടെ ഉയിർ കൊടുത്തും ആളുകളെ കയ്യിലെടുത്തു. കടയിൽ സാധനങ്ങൾ വാങ്ങാൻ മടിച്ചവർ ഇന്നസെന്റിന്റെ കഥകൾ കേൾക്കാൻ പിശുക്കുകാട്ടിയില്ല. കട വരാന്തയിലെ കഥപറച്ചിലു കൊണ്ട് ജീവിതത്തിൽ വിജയം വരില്ലെന്ന് തിരിച്ചറിഞ്ഞു. ചെന്നൈ കോടമ്പാക്കത്തെ തെരുവിൽ അലയാനായിരുന്നു നിയോഗം. സിനിമാ മോഹവുമായി കോടമ്പാക്കത്തെ ലോഡ്ജുകളിൽ പട്ടിണിയും പരിവട്ടവുമായി ജീവിച്ചു. അപ്പോഴും സിനിമാ മോഹം ഹൃദയത്തിന്റെ കോണിൽ ഭദ്രമായി സൂക്ഷിച്ചു.
ജ്യേഷ്ഠന് കർണാടകയിലെ ദാവൺഗരെയിൽ തീപ്പെട്ടിക്കമ്പനിയായിരുന്നു. ജ്യേഷ്ഠന്റെ നിർബന്ധത്തിനു വഴങ്ങി തീപ്പെട്ടിക്കമ്പനിയിൽ ജോലിയ്ക്കു കയറി. ടൈഫോയ്ഡ് പിടിപ്പെട്ടായിരുന്നു ദാവൺഗരെ ശാമ്പന്നൂരിലെ തീപ്പെട്ടിക്കമ്പനിയിൽ എത്തുന്നത്. ജോലിയ്ക്കു വന്ന ഇന്നസെന്റിന് ഇരുപതു ദിവസം ജ്യേഷ്ഠനും സുഹൃത്തുക്കളും പരിപാലിച്ചു. ഇതിനിടെ, കമ്പനിയുടെ പാർട്ണർമാർ പണി നിർത്തി. ജ്യേഷ്ഠനാണെങ്കിൽ നാട്ടിലേയ്ക്കു പോകേണ്ട നിർബന്ധമുണ്ടായി. തീപ്പെട്ടി കമ്പനി ഏറ്റെടുത്തു നടത്തി. പക്ഷേ, പരാജയമായിരുന്നു ഫലം. തീപ്പെട്ടി കമ്പനി നടത്തുന്നതിനിടെയായിരുന്നു ആലീസുമായുള്ള വിവാഹം. കുടുംബസമേതം താമസം ദാവൺഗരെയിലേയ്ക്കു മാറ്റി.
ദാരിദ്ര്യത്തിന്റെ നാളുകളായിരുന്നു. കമ്പനി പൊട്ടിപ്പൊളിഞ്ഞു. കടംകയറി. ഒരു രാത്രി ആരോടും പറയാതെ ആ ഗ്രാമത്തോട് വിടപറഞ്ഞു. വീണ്ടും കോടമ്പാക്കത്തെ തെരുവിൽ എത്തി. ആലീസിന്റെ ആഭരണം പണയപ്പെടുത്തി സിനിമ നിർമിച്ചു. വിടപറയും മുമ്പേ, ഇളക്കങ്ങൾ എന്നീ രണ്ടു സിനിമകൾ നിർമിച്ചു. അവിടെയും വിജയിച്ചില്ല. ഇതിനെല്ലാം പുറമെ, നാട്ടിൽ എത്തി നഗരസഭ തിരഞ്ഞെടുപ്പിൽ മൽസരിച്ചു. ഇരിങ്ങാലക്കുട നഗരസഭയിൽ കൗൺസിലറായി. കഥകളും നർമവും പറഞ്ഞ് നാട്ടുകാരെ ചിരിപ്പിച്ച ഇന്നസെന്റിനെ നാട്ടുകാർ വിജയിപ്പിച്ചു. വലിയ പാർട്ടിയുടെ ചെറിയ നേതാവാകുന്നതിനേക്കാൾ നല്ലത് ചെറിയ പാർട്ടിയുടെ വലിയ നേതാവാണെന്ന് തീരുമാനിച്ചു. ആർ.എസ്.പിയുടെ പ്രാദേശിക നേതാവായി. കമ്മ്യൂണിസ്റ്റുകാരനായ അപ്പന്റെ സ്വാധീനമായിരുന്നു ജീവിതത്തിലുടനീളം സ്വാധീനിച്ചത്. നവജീവൻ പത്രം ഉച്ചത്തിൽ നാട്ടുകാരെ വായിച്ചു കേൾപ്പിക്കുമായിരുന്ന അപ്പന്റെ മകൻ രാഷ്ട്രീയത്തിൽ ആദ്യ ചുവടുവച്ചു.
മുംബൈയിലേക്ക് വണ്ടി കയറി സിമന്റ് കച്ചവടം നടത്തിയും ജീവിതം പച്ചപിടിപ്പിക്കാൻ മെനക്കെട്ടു. സിമന്റിന് ദൗർലഭ്യം നേരിട്ട കാലമായിരുന്നു അത്. സിമന്റ് ബുക് ചെയ്യുന്ന ഓഫിസിലെ ബംഗാളി ഉദ്യോഗസ്ഥനെ സോപ്പിട്ടും കൈക്കൂലി നൽകിയും കച്ചവടം ആദ്യം പച്ചപിടിച്ചെങ്കിലും ദൗർലഭ്യം മാറിയതോടെ അതും അവസാനിച്ചു. ജീവിതത്തിൽ പലവേഷങ്ങൾ കെട്ടിയെങ്കിലും വെള്ളിത്തിരയിൽ തിളങ്ങാനായിരുന്നു നിയോഗം. റാംജിറാസ് സ്പീക്കിങ് നൽകിയ ഊർജത്തിലൂടെ മലയാള സിനിമയിൽ കസേരയിട്ടിരുന്നു ഇന്നസെന്റ്. ഇരിങ്ങാലക്കുട ലോക്സഭാ മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്വതന്ത്രനായി മൽസരിച്ചു. പതിമൂവായിരം വോട്ടിനായിരുന്നു ജയം. അങ്ങനെ, എട്ടാം ക്ലാസുകാരൻ ലോക്സഭയിൽ എത്തി.
നേരത്തെ മുംബൈയിലും കർണാടകയിലും ജോലി ചെയ്തു കിട്ടിയ അനുഭവ സമ്പത്തിൽ ഹിന്ദി വഴങ്ങി. പണ്ട്, ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രയ്ക്കിടെ ഇന്നസെന്റിന് അപകടം സംഭവിച്ചു. തലയ്ക്കായിരുന്നു പരുക്ക്. ഓർമ നഷ്ടപ്പെട്ട് തിരുവനന്തപുരം ശ്രീചിത്തിരയിലായിരുന്നു ചികിൽസ. ഓർമ തിരിച്ചു കിട്ടാൻ പാടുപെടുമെന്ന് ഡോക്ടർമാർ വിധിയെഴുതി. സംവിധായകൻ പത്മരാജൻ ആശുപത്രിയിൽ എത്തി അടുത്ത സിനിമയിൽ അഭിനയിക്കാൻ അവസരം തരാമെന്ന് പറഞ്ഞ ശേഷം ഇന്നസെന്റിന്റെ ഉയിർത്തെഴുന്നേൽപിനാണ് ഡോക്ടർമാർ സാക്ഷ്യം വഹിച്ചത്. സിനിമ നടനാകാനുള്ള അതിയായ മോഹം നൽകിയ ഊർജമായിരുന്നു ഉയിർത്തെഴുന്നേൽപിനു കാരണം. ഇന്നസെന്റ് ഈ ലോകത്തു നിന്ന് വിടപറഞ്ഞാലും ചിരിപ്പിച്ച, ചിന്തിപ്പിച്ച നിരവധി കഥാപാത്രങ്ങൾ മലയാളികളുടെ തലമുറകൾ ഏറ്റെടുക്കുമെന്ന് ഉറപ്പാണ്.