കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മോദി പരാമര്‍ശം ഒബിസി വിഭാഗത്തിന് എതിരാണെന്ന വാദവുമായി രാഷ്ട്രീയ പോര്‍മുഖം തുറന്ന് ബിജെപി. ജാതി അവഹേളനം അഭിപ്രായ സ്വാതന്ത്ര്യമല്ലെന്ന് കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവ് മനോരമ ന്യൂസിനോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരിയെ അപമാനിച്ചിട്ടില്ലെന്നും ഭുപേന്ദ്ര യാദവ് കൂട്ടിച്ചേര്‍ത്തു.
നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം പിന്നാക്ക സമുദായത്തിന് എതിരാണെന്ന രാഷ്ട്രീയവ്യാഖ്യാനമാണ് ബിജെപി നല്‍കുന്നത്. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്‍റെ സമുദായത്തെയും ഒബിസി വിഭാഗത്തെ ആകെ തന്നെയും രാഹുല്‍ അപമാനിച്ചുവെന്നാണ് ബിജെപി വാദം. ദയനീയമായ ജാതിവാദി മനസാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഢ കുറ്റപ്പെടുത്തി. അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ പേരുപറഞ്ഞ് രാഹുലിന്‍റെ പരാമര്‍ശത്തെ ന്യായീകരിക്കാനാകില്ലെന്ന് ഭുപേന്ദ്ര യാദവ് വ്യക്തമാക്കി.
രാജ്യസഭയിലെ പ്രസംഗത്തിനിടെ തന്‍റെ ചിരിയെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശനം അപകീര്‍ത്തികരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി വാദിക്കുന്നു. എന്നാല്‍ രേണുകയെ മോദി വ്യക്തിപരമായ അധിക്ഷേപിച്ചിട്ടില്ലെന്ന് ഭുപേന്ദ്ര യാദവ് പറഞ്ഞു. പാര്‍ലമെന്‍റ് തടസപ്പെടുത്തുന്നത് പ്രതിപക്ഷമാണെന്ന് പറഞ്ഞ ഭുപേന്ദ്ര യാദവ് കര്യോപദേശകസമിതിയിലെ ധാരണകള്‍ പ്രതിപക്ഷം പാലിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.
Rahul insulted obc community says Bhupendar yadav