kayamkulam-mgnrega-fraud-ca

കായംകുളത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ നടന്ന ക്രമക്കേടില്‍ നഗരസഭ നല്‍കിയ പരാതിയില്‍ മൂന്നു മാസമായിട്ടും രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്യാതെ പൊലീസ്. നഗരസഭയുടെ  24–ാം വാര്‍ഡില്‍ തൊഴിലുറപ്പ് ജോലിക്ക് ഹാജരാകാത്ത സ്ത്രീതൊഴിലാളികളുടെ പേര് എഴുതി ചേര്‍ത്ത് പണം തട്ടിയെടുത്തെന്നാണ് പരാതി. നഗരസഭ സെക്രട്ടറി കഴിഞ്ഞ ഡിസംബറിലാണ്  കായംകുളം പൊലീസില്‍ പരാതി നല്‍കിയത്. കായംകുളം നഗരസഭയിലെ 24–ാം വാര്‍ഡിലാണ് തൊഴിലുറപ്പ്  ക്രമക്കേട് നടന്നത്. മനോരമ ന്യൂസാണ് തട്ടിപ്പ് നടന്നവിവരം രേഖകള്‍ സഹിതം പുറത്തുവിട്ടത്. ജോലി ചെയ്യാത്തതും തൊഴില്‍കാര്‍ഡ് ഇല്ലാത്തതുമായ എട്ടോളംപേര്‍ ജോലി ചെയ്തതായി രേഖയുണ്ടാക്കുകയും വ്യാജഒപ്പിട്ട് പണം തട്ടിയെടുക്കുകയും ചെയ്തതായാണ് വ്യക്തമായത്. 

 

59,000 രൂപയോളമാണ് തട്ടിയെടുത്തത്. മേറ്റായ സഫിയത്താണ് വ്യാജരേഖയുണ്ടാക്കിയത്. പലരുടെയും അക്കൗണ്ടില്‍ പണം വന്നപ്പോള്‍ കാന്‍സര്‍ രോഗികളായവരെ സഹായിക്കാനുള്ള പണം മാറിയെത്തിയതാണെന്നാണ് പറഞ്ഞത്. ആയിരം രൂപ വീതം അക്കൗണ്ട് ഉടമയ്ക്ക് നല്‍കിയശേഷം ബാക്കി പണം മേറ്റായ സഫിയത്ത് കൈപ്പറ്റി. പരാതി ലഭിക്കുന്നതുവരെ നഗരസഭ ഇക്കാര്യം ശ്രദ്ധിച്ചില്ല, വിവരം അറിഞ്ഞപ്പോള്‍ പ്രശ്നം ഒതുക്കിത്തീര്‍ക്കാനും ശ്രമിച്ചു.തട്ടിച്ചെടുത്ത തുക 18 ശതമാനം പലിശ സഹിതം  വാങ്ങിയെടുത്തു. എന്നാല്‍ ഇത്രയും തുകയല്ല കൈപ്പറ്റിയതെന്നാണ് പറയപ്പെടുന്നത. സ്ത്രീകളില്‍ പലരും തങ്ങള്‍ക്ക് തൊഴില്‍ കാര്‍ഡില്ലെന്നും  ജോലി ചെയ്തിട്ടില്ലെന്നും നഗരസഭ സെക്രട്ടറിക്കും  പൊലീസിനും മൊഴി നല്‍കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയില്‍ ഒരു നടപടിയും പൊലീസ് സ്വീകരിച്ചിട്ടില്ല. മറ്റുവാര്‍ഡുകളിലും തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പ് പുറത്തുവരുമോ എന്ന ആശങ്കയാണ് ഇതിനു കാരണമെന്ന്  സൂചനയുണ്ട്.

 

Kayamkulam MGNREGA Fraud case