തൊഴിലുറപ്പ് പദ്ധതിയിലെ ജോലികള്‍ ചട്ടം ലംഘിച്ച് സ്വകാര്യ കരാറുകാര്‍ക്ക് നല്‍കുന്നു. തൊഴിലുറപ്പ് തൊഴിലാളികളെന്ന പേരില്‍ കരാറുകാരുടെ ജീവനക്കാരെ കൊണ്ട് പണിയെടുപ്പിക്കുകയും തൊഴിലാളികളുടെ പേരില്‍ പണം എഴുതിയെടുക്കുകയുമാണ് ഉദ്യോഗസ്ഥ–രാഷ്ട്രീയ കൂട്ടുകെട്ടില്‍ നടക്കുന്ന തട്ടിപ്പ്. തിരുവനന്തപുരം ആനാട് പഞ്ചായത്തില്‍ നാല് ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. എല്ലാ പഞ്ചായത്തിലും നടക്കുന്ന ഇടപാടെന്ന വെളിപ്പെടുത്തലാണ് തട്ടിപ്പിന് പഞ്ചായത്ത് അംഗത്തിന്റെ മറുപടി. മനോരമ ന്യൂസ് അന്വേഷണം തൊഴിലുറപ്പിലെ തുരപ്പന്‍മാര്‍ തുടരുന്നു.
ജോലി ചെയ്യാത്ത സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൂലിയെത്തി. ഈ വിചിത്ര പരാതി അറിഞ്ഞാണ് ആനാടെത്തിയത്. കട നടത്തുന്ന രുഗ്മിണിയമ്മയുടെ അക്കൗണ്ടിലേക്ക് ജനുവരി അവസാനമാണ് പണമെത്തിയത്. തൊഴിലുറപ്പിന്റെ കൂലിയാണന്ന് അറിഞ്ഞപ്പോള്‍ തൊഴിലുറപ്പിന് പോയിട്ടില്ലാത്ത രുഗ്മിണിയമ്മ ഞെട്ടിപ്പോയി.
ഇങ്ങിനെ പണം എത്തിയവര്‍ക്കെല്ലാം പിന്നാലെ ഒരു ഫോണ്‍വിളിയെത്തി. പണം പിന്‍വലിച്ച് പഞ്ചായത്തില്‍ കൊടുക്കണമെന്ന്. അവിടെയാണ് ദുരൂഹത. ഇതിന് പിന്നില്‍ എന്താണെന്ന് അറിയാന്‍ മെമ്പറെ വിളിച്ചു. കരാറുകാരന് കൊടുക്കാനായാണ് സ്ത്രീകളുടെ അക്കൗണ്ടില്‍ പണമിട്ടതെന്ന് പഞ്ചായത്തംഗം. ഈ റോഡ് കോണ്‍ക്രീറ്റ് ചെയ്തത് തൊഴിലുറപ്പ് പദ്ധതി വഴിയെന്നാണ് രേഖകള്‍. സത്യത്തില്‍ കരാറുകാരന്‍ ചെയ്തതാണ്. തൊഴിലുറപ്പിലെ ഒരു പണിയും കരാറുകാരനെ ഏല്‍പ്പിക്കരുതെന്ന് ചട്ടമുള്ളതിനാല്‍ കരാറുകാരന് നേരിട്ട് പണം നല്‍കാനാവില്ല. അതിനുള്ള കുറുക്കുവഴിയാണ് നാട്ടിലുള്ള ഏതെങ്കിലും തൊഴിലാളികള്‍ ജോലി ചെയ്തെന്ന പേരില്‍ വ്യാജരേഖകളുണ്ടാക്കി അവരുടെ അക്കൗണ്ടിലേക്ക് പണം ഇടുന്നതും സ്വാധീനം ഉപയോഗിച്ച് തിരിച്ച് വാങ്ങി വീതിച്ചെടുക്കുന്നതും. തൊഴിലാളികളുടെ ജോലിയും കൂലിയുമാണ് ഇവിടെ തട്ടിയെടുക്കുന്നത്. അതിനായി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കേണ്ട ജനപ്രതിനിധികളും ഉദ്യോഗ്സ്ഥരും കമ്മീഷന്‍ ലക്ഷ്യമിട്ട് കരാറുകാരനോടൊപ്പം കൈകോര്‍ക്കുന്നു.