ഖലിസ്ഥാന്‍ വാദി അമൃത് പാല്‍ സിങ് അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പഞ്ചാബിലെ ജലന്ധറില്‍നിന്നാണ് അമൃത് പാലിനെ ഏതാനും അനുയായികളോടൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി പഞ്ചാബില്‍ ഭൂരിഭാഗം മേഖലകളിലും ഇന്‍റര്‍നെറ്റ്–എസ്.എം.എസ് സേവനങ്ങള്‍ നാളെ ഉച്ചവരെ വിലക്കി.
ഏഴ് ജില്ലകളിലെ ആയിരത്തോളം പൊലീസാണ് ജലന്ധറിലെ ഷാഹ്കോട്ടില്‍ അമൃത് പാലിന്‍റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നത്. തീവ്രമതനിലപാടുകാരന്‍ എന്നതിനപ്പുറം ഖലിസ്ഥാന്‍ വാദം ഇത്ര പരസ്യമായി പറയുന്ന വാരിസ് പഞ്ചാബ് ദേ തലവനെയാണ് ഏറെ പണിപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. അനുയായികളെ സംഘടിപ്പിച്ച് അറസ്റ്റ് തടയാനും സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള നീക്കം അമൃത് പാല്‍ നടത്തിയതോടെ പഞ്ചാബില്‍ ഏതാണ്ട് ബഹുഭൂരിപക്ഷം മേഖലകളിലും ഇന്‍റര്‍നെറ്റ്–എസ്.എം.എസ് സേവനങ്ങള്‍ പൊലീസ് വിലക്കി. അമൃത്സറിലെ ജി 20 യോഗം കഴിഞ്ഞതിന് പിന്നാലെയാണ് പൊലീസ് നടപടി. വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് പഞ്ചാബ് പൊലീസ് അഭ്യര്‍ഥിച്ചു.
വാരിസ് പഞ്ചാബ് ദേ തലവനായ അമൃത് പാല്‍ സിങ് കഴിഞ്ഞമാസം 23ന് നടത്തിയ അജ്‌നാല പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിലൂടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. അനുയായിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാര്‍ച്ച് വലിയ സംഘര്‍ഷത്തിലാണ് കലാശിച്ചത്. രണ്ടാം ഭിന്ദ്രന്‍വാലയെന്ന പേരില്‍ ഖലിസ്ഥാന്‍ വാദികള്‍ അമൃത് പാലിനെ ആഘോഷിക്കാന്‍ തുടങ്ങിയതോടെ കേന്ദ്ര ഏജന്‍സികളുടെ റഡാറിലും അമൃത് പാല്‍ ഉള്‍പ്പെട്ടിരുന്നു. ഖലിസ്ഥാന്‍ വാദം ശരിയാണെന്നും അംഗീകരിച്ചില്ലെങ്കില്‍ ഭവിഷ്യത്തുണ്ടാകുമെന്നും അമൃത് പാല്‍ പലതവണ ഭീഷണി മുഴക്കിയിരുന്നു. അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഗതിയായിരിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെന്നായിരുന്നു ഒടുവിലത്തെ ഭീഷണി. അറസ്റ്റിന് പിന്നാലെ അമൃത് പാലിന്‍റെ ജന്മനാടായ അമൃതറിലെ ജല്ലുപൂര്‍ ഖൈരയിലും പൊലീസ് സുരക്ഷ ശക്തമാക്കി. പഞ്ചാബി നടനും കര്‍ഷക സമരത്തിന്‍റെ ഭാഗമായി ചെങ്കോട്ട സംഘർഷ കേസിലെ പ്രതിയുമായിരുന്ന ദീപ് സിദ്ധുവാണ് വാരിസ് പഞ്ചാബ് ദേ എന്ന സംഘടന സ്ഥാപിച്ചത്. ദീപ് സിദ്ധു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതോടെയാണ് മുപ്പതുകാരനായ അമൃത് പാല്‍ സംഘടനയുടെ ചുമതല ഏറ്റെടുത്തത്.
Amritpal Singh Arrest