കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ഒളിയമ്പുമായി മുന്‍ കെപിസിസി പ്രസി‍ഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഞാനാണ് വലിയവന്‍ എന്ന ഭാവം ഉപേക്ഷിക്കണം. ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണെന്ന് മനസിലാക്കണം. ഇത് മനസിലാകാതെ പോകുന്നത് കാലത്തോടും ചരിത്രത്തിനോടും ചെയ്യുന്ന അനീതിയാണെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

കെപിസിസി പുനഃസംഘടനയിൽ തന്നെ അവഗണിക്കുകയാണ് നേതൃത്വം എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആഴ്ചകൾക്ക് മുമ്പ് പരാതിപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ പരാമർശവും. വെല്ലുവിളി നിറഞ്ഞ കാലഘട്ടം ആണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ കാലത്തോടും ചരിത്രത്തോടും കാണിക്കുന്ന അനീതിയാണെന്ന് കൂടി മുല്ലപ്പള്ളി പറഞ്ഞുവയ്ക്കുന്നു. അതേസമയം ഡിസിസി പുനഃസംഘടനയിൽ എംപിമാരായ കെ മുരളീധരനുമായും എം കെ രാഘവനായും നേതൃത്വം ചർച്ച നടത്തും. കെ മുരളീധരനുമായി രണ്ടാംഘട്ട ചർച്ചയാണ് നടത്തുന്നത്. ആദ്യഘട്ട ചർച്ച പരാജയപ്പെട്ടിരുന്നു. നിർദ്ദേശങ്ങൾ നൽകില്ലെന്ന നിലപാടിലായിരുന്നു ഒക്കെ മുരളീധരൻ. എഐസിസിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന നേതൃത്വം ചർച്ച നടത്തിയതോടെ  ഇരുവരും അയയും എന്നാണ് ഡിസിസിയുടെ പ്രതീക്ഷ. ഡിസിസി പ്രസിഡന്റിന്റെ റിപ്പോർട്ട് പ്രകാരം കെപിസിസി നേതൃത്വം കെ മുരളീധരനും എം.കെ രാഘവനും നോട്ടീസ് അയച്ചതാണ് ഇരുവരെയും ചൊടിപ്പിച്ചത്.

Mullappally Ramachandran on congress