സ്പെഷല്‍ സ്കൂളുകളോടുള്ള സര്‍ക്കാരിന്റെ നിരന്തര അവഗണനയില്‍ പ്രതിഷേധിച്ച് സമരത്തിലേക്ക് നീങ്ങാന്‍ ഭിന്നശേഷിക്കാരുടെ സംഘടന. ഈ സാമ്പത്തിക വര്‍ഷത്തിലെ പാക്കേജുകള്‍ വിതരണം ചെയ്യാന്‍ വൈകിയതോടെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ആശ്വാസകിരണം പദ്ധതിയിലും പെന്‍ഷനുകളിലും കുറവുണ്ടായതോടെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പരാതി അറിയിച്ചെങ്കിലും മറുപടിയില്ലെന്ന് സംഘടനകള്‍ പറയുന്നു.
എന്നാല്‍ ഈ വര്‍ഷത്തെ ബജറ്റില്‍ സര്‍ക്കാര്‍ ഇവര്‍ക്കായി ഒന്നും കരുതിയില്ലെന്നാണ് സ്പെഷല്‍ സ്കൂള്‍ അധികൃതരുടെ പരാതി. ഒപ്പം ഇടിത്തീയായി സര്‍ക്കാര്‍ സഹായങ്ങളിലെ കടുത്ത വെട്ടിച്ചുരുക്കലുകളും.കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഉത്തരവില്‍ ഉറപ്പുപറഞ്ഞിരുന്ന അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമുള്ള ഓണറേറിയം ഇതുവരെയും നല്‍കിയിട്ടില്ല.18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാര്‍ക്കായുള്ള തൊഴില്‍ പരിശീലനത്തിനും പുനരധിവാസത്തിനും ആജിവനാന്ത പരിചരണത്തിനുമായി കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലും അവതരിപ്പിച്ച ബജറ്റുകളില്‍ 10 കോടി വീതം വകയിരുത്തിയെങ്കിലും ഒന്നും പദ്ധതിയായില്ല. സര്‍ക്കാര്‍ മനപൂര്‍വം അവഗണിക്കുന്നെന്ന പരാതിയില്‍ സമരത്തിലേക്ക് നീങ്ങുകയാണ് ഭിന്നശേഷിക്കാരുടെ സംഘടന. മാര്‍ച്ച് ഇരുപതിന് സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സമരം ആരംഭിക്കും.എല്ലാ ജില്ലകളില്‍ നിന്നുമുള്ള സ്പെഷല്‍ സ്കൂളുകളിലെ ജീവനക്കാരും രക്ഷിതാക്കളും സമരത്തില്‍ പങ്കെടുക്കും.
No aid from government; special school are in crisis