നേമം  ടെർമിനൽ പദ്ധതിയുടെ രൂപരേഖയില്‍ മാറ്റം വരുത്താന്‍  നീക്കം. അറ്റകുറ്റപ്പണിക്കുളള അഞ്ച് പിറ്റ് ലൈനുകള്‍ രണ്ടായി കുറയ്ക്കാനാണ് ശ്രമം. നേമം പദ്ധതി വെട്ടിച്ചുരുക്കിയാല്‍  കൂടുതല്‍ ട്രെയിനുകളെന്ന കേരളത്തിന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാകും. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ട്രെയിന്‍ അറ്റകുറ്റപ്പണിക്കുളള 5പിറ്റ് ലൈനുകളും ട്രെയിനുകള്‍ നിര്‍ത്തിയിടാനുളള 6 സ്റ്റേബ്​ലിങ് ലൈനുകളും നേമത്ത് വിഭാവനം ചെയ്തിരുന്നു. 15 ട്രെയിനുകളുടെ അറ്റകുറ്റപ്പണി ഒരു ദിവസം നടത്താനാകുമെന്നായിരുന്നു വാഗ്ദാനം. പുതിയ തീരുമാനം നടപ്പായാല്‍ പിറ്റ് ലൈനുകളുടെ എണ്ണം രണ്ടായി ചുരുങ്ങും. ഇതോടെ അറ്റകുറ്റപ്പണി നടത്താന്‍ കഴിയുന്ന ട്രെയിനുകളുടെ എണ്ണം ആറായി കുറയും. അതുകൊണ്ടു തന്നെ കൂടുതല്‍ ട്രെയിനുകളെന്ന കേരളത്തിന്റെ ആവശ്യം നടക്കില്ല. നേമത്തെ  ചെറിയ ടെര്‍മിനലിന് തമ്പാന്നൂരിലെ തിരക്ക് കുറയ്ക്കാനും കഴിയില്ല. 

 

ഭൂമി ഏറ്റെടുക്കലില്‍ പ്രശ്നങ്ങള്‍ നേരിടുന്നതായി എംപിമാരുടെ യോഗത്തില്‍ റയില്‍വേ വ്യക്തമാക്കിയിരുന്നു . ടെര്‍മിനല്‍ നിര്‍മാണം വേഗത്തിലാക്കാനെന്ന പേരിലാണ് നേമം പദ്ധതിക്ക് തുരങ്കം വയ്ക്കുന്നത്.  പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമെന്ന് കരുതി വര്‍ഷങ്ങളായി വീട് അററകുറ്റപ്പണി പോലും നടത്താതെ കഴിയുന്ന നൂറ് കണക്കിന് കുടുംബങ്ങള്‍ക്കും തീരുമാനം തിരിച്ചടിയാകും. 

 

Issues in land acquisition for Nemom project; setback for kerala