mlacse-16

നിയമസഭയിലെ സംഘര്‍ഷത്തില്‍ ഭരണ–പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം കേസെടുത്തപ്പോള്‍ ഏഴ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ചുമത്തിയത് ജാമ്യമില്ലാത്ത കുറ്റങ്ങളാണ്. പ്രതിപക്ഷ എം.എല്‍.എമാര്‍ വനിത ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ചെന്നും എഫ്.ഐ.ആറില്‍ പരാമര്‍ശം. സര്‍ക്കാരിന് സമനില നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷം പരിഹസിച്ചു.

സഭയിലെ സംഘര്‍ഷം പരിഹരിക്കാനായി നേതാക്കളുടെ യോഗം വിളിച്ച് സ്പീക്കര്‍ സഹകരണം അഭ്യര്‍ത്ഥിക്കുന്നു. ഒരു വശത്ത് ഇങ്ങിനെ സമാധാന ശ്രമങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത് പ്രശ്നം ആളിക്കത്തിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ പൊലീസ്. അര്‍ധരാത്രിയില്‍ 1.49നാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെയുള്ള കേസ് മ്യൂസിയം പൊലീസെടുക്കുന്നത്. 2.27ന് ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെയും. കൊല്ലണമെന്ന ഉദേശത്തോടെ ഭരണപക്ഷവും ഉദ്യോഗസ്ഥരും ആക്രമിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എം.എല്‍.എ ടി.ജെ.സനീഷ്കുമാറിന്റെ പരാതിയിലെടുത്ത കേസില്‍ സി.പി.എം അംഗങ്ങളായ എച്ച്.സലാം, സച്ചിന്‍ദേവ് എന്നിവരും അഡീഷണല്‍ ചീഫ് മാര്‍ഷന്‍ മൊയ്തീന്‍ ഹുസൈനും കണ്ടാലറിയാവുന്ന വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങളുമാണ് പ്രതികള്‍. ഔദ്യോഗിക കൃത്യനിര്‍വഹണം തടഞ്ഞ് അസഭ്യം പറയുകയും ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തെന്ന വാച്ച് ആന്റ് വാര്‍ഡ് ഷീനയുടെ പരാതിയിലെടുത്ത കേസില്‍ റോജി എം.ജോണ്‍, പി.കെ.ബഷീര്‍, അന്‍വര്‍ സാദത്ത്, ഐ.സി.ബാലകൃഷ്ണന്‍, അനൂപ് ജേക്കബ്, കെ.കെ.രമ, ഉമാ തോമസ് എന്നീ എം.എല്‍.എമാരാണ് പ്രതികള്‍.

ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമെതിരായ കേസുകളില്‍ വിവേചന നിലപാടാണ് പൊലീസിന്റേത്. ഭരണപക്ഷത്തിനെതിരെ മൂന്ന് വകുപ്പുകളേയുള്ളു. എല്ലാം ജാമ്യം കിട്ടാവുന്നത്. പ്രതിപക്ഷത്തിനെതിരെ 8 വകുപ്പുകളുണ്ട്. അതില്‍ മൂന്നെണ്ണം ജാമ്യം ലഭിക്കാത്തതും. ഭരണപക്ഷത്തിനെതിരായ കേസില്‍ ഒന്നും രണ്ടും പ്രതികളാക്കിയിരിക്കുന്നത് ഉദ്യോഗസ്ഥരെയാണ്.അതിന് ശേഷമാണ് എം.എല്‍.എമാര്‍. എന്നാല്‍ പ്രതിപക്ഷത്തിെനതിരായ കേസില്‍ കൂടുതല്‍ എം.എല്‍.എമാരെ പ്രതികളാക്കാവുന്ന പഴുതിട്ട് കണ്ടാലറിയാവുന്ന അഞ്ച് പേരെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കെ.എം.മാണിയുടെ ബജറ്റ് തടഞ്ഞ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ നടത്തിയ പ്രതിഷേധമാണ് ഇതിന് മുന്‍പ് പൊലീസ് കേസായിട്ടുള്ളത്. അതേ നിയമകുരുക്കിലേക്ക് യു.ഡി.എഫിനെയും എത്തിക്കുകയാവും കടുത്ത വകുപ്പുകളുള്ള കേസിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 

 Kerala assembly row; Case against MLAs