അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മാധവ് കൗശിക് ,  ചിത്രം: The Tribune

അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മാധവ് കൗശിക് , ചിത്രം: The Tribune

കേന്ദ്ര സാഹിത്യ അക്കാദമി തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന സാഹിത്യകാരന്‍ സി രാധാകൃഷ്ണന് അപ്രതീക്ഷപരാജയം. സംഘപരിവാര്‍ സംഘടനകളുടെ പിന്തുണയോടെ മല്‍സരിച്ച ഡല്‍ഹി സര്‍വകലാശാല അധ്യാപിക കുമുദ് ശര്‍മയോടാണ് തോറ്റത്. അക്കാദമി പ്രസിഡന്‍റായി മാധവ് കൗശികിനെ തിരഞ്ഞെടുത്തു. കെ.പി രാമനുണ്ണിയാണ് മലയാളത്തിന്‍റെ കണ്‍വീനര്‍. 

 

കേന്ദ്രസാഹിത്യ അക്കാദമി പിടിക്കാനുള്ള സംഘപരിവാര്‍ നീക്കം ഭാഗമായി ലക്ഷ്യം കണ്ടു. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനം ഇത്തവണയും മലയാളത്തിന് അന്യം. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മല്‍സരിച്ച മുതിര്‍ന്ന സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ വിവര്‍ത്തകയും നിരൂപകയുമായ കുമുദ് ശര്‍മയോട് ഒരൊറ്റവോട്ടിനാണ് പരാജയപ്പെട്ടത്. അക്കാദമിയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്‍റാണ് കുമുദ് ശര്‍മ. ഹിന്ദി മേഖലയുടെ ആധിപത്യം തിരിച്ചടിയായെന്ന് സി രാധാകൃഷ്ണന്‍. 

 

ഹിന്ദി കവി മാധവ് കൗശിക് വന്‍ ഭൂരിപക്ഷത്തിനാണ് സംഘപരിവാര്‍ സംഘടനകളുടെ പിന്തുണയോടെ മല്‍സരിച്ച കര്‍ണാടക സംസ്കൃതസര്‍വകാലാശാല മുന്‍വൈസ് ചാന്‍സലര്‍ മെല്ലെപുരം ജി വെങ്കിടേശയെ തോല്‍പിച്ചത്. രംഗനാഥ് പഠാരേയും മല്‍സരരംഗത്തുണ്ടായിരുന്നു. സ്ഥാനമൊഴിയുന്ന ഭരണസമിതിയിലെ വൈസ് പ്രസിഡന്‍റാണ് മാധവ് കൗശിക്. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത ജനറല്‍ കൗണ്‍സിലില്‍ കേരളത്തില്‍ നിന്ന് കെ.പി രാമനുണ്ണിയും വിജയലക്ഷ്മിയും മഹാദേവന്‍ തമ്പിയുമാണുള്ളത്. 2014ല്‍ ബിജെപി അധികാരം പിടിച്ചശേഷം സാഹത്യഅക്കാദമിയുടെ ഭരണനേതൃത്വത്തിലെത്താനുള്ള നീക്കം 2018ല്‍ പരാജയപ്പെട്ടിരുന്നു.