സഭാതർക്കം പരിഹരിക്കാനുള്ള നിയമനിർമാണത്തിൽ അതൃപ്തി അറിയിച്ച് ഓർത്തഡോക്സ് സഭ. സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ഓർത്തഡോക്സ് സഭ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് അറിയിച്ചു. അതേസമയം നിയമനിർമ്മാണത്തിന് തടസ്സം നിൽക്കുന്നത് ഖേദകരമാണെന്നും സർക്കാർ തീരുമാനത്തോട് സഹകരിക്കണമെന്നും യാക്കോബായ സഭ ആവശ്യപ്പെട്ടു. സഭാ തർക്കം പരിഹരിക്കുന്നതിനായുള്ള കരടു ബില്ലിന് ഇടതുമുന്നണി യോഗത്തിൽ അംഗീകാരം ലഭിച്ചതോടെയാണ് കോട്ടയം ദേവലോകത്തെ സഭാ ആസ്ഥാനത്ത് സുനഹദോസിന്റെയും വർക്കിങ് കമ്മിറ്റിയുടെയും സംയുക്ത യോഗം ചേർന്നത്. സർക്കാർ തീരുമാനം വേദനാജനകം എന്നായിരുന്നു ഓർത്തഡോക്സ് സഭ നേതൃത്വത്തിന്റെ പ്രതികരണം.സർക്കാർ പ്രതിരോധത്തിൽ ആയിരിക്കുന്ന സാഹചര്യത്തിൽ സഭാ വിഷയമുയർത്തി ശ്രദ്ധ തിരിക്കാനുള്ള ശ്രമം ആണെന്നും നേതൃത്വം ആഞ്ഞടിച്ചു.
ആരാധനാസ്വാതന്ത്ര്യം എല്ലാ പള്ളികളിലും നിലവിലുണ്ടെന്നും തെറ്റിദ്ധാരണാജനകം ആണെന്നുമാണ് ഓർത്തഡോക്സ് സഭയുടെ വാദം. അതേസമയം നിയമനിർമാണത്തിലൂടെ രണ്ടു വിഭാഗങ്ങളും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾക്ക് ശാശ്വത പരിഹാരം ആകും എന്നാണ് പ്രതീക്ഷ എന്ന് യാക്കോബായ സഭ അറിയിച്ചു. ഓർത്തഡോക്സ് സഭ ഞായറാഴ്ച എല്ലാ പള്ളികളിലും പ്രതിഷേധ ദിനമായി ആചരിക്കും. മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സെക്രട്ടേറിയേറ്റിനു മുന്നിൽ ഉപവാസ സമരം നടത്തും.
Sabha dispute; Orthodox declared strike on Monday