sahitya-academy-2

കേന്ദ്രസാഹിത്യ അക്കാദമി പിടിച്ചെടുക്കാന്‍ സംഘപരിവാര്‍ നീക്കം. അക്കാദമി നിര്‍വാഹക സമിതിയിലേയ്ക്ക് നാളെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ പിന്തുണയുള്ള പാനല്‍ മല്‍സരിച്ചേക്കും. അക്കാദമിയുടെ സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും ഇല്ലാതാക്കാനുള്ള ശ്രമാണെന്ന് എഴുത്തുകാര്‍ വിമര്‍ശിക്കുന്നു. കേന്ദ്രസാഹിത്യ അക്കാദമിയുടെ 24 അംഗ നിര്‍വാഹക സമിതിയിേലയ്ക്ക് നാളെ രാവിലെ 11 മുതലാണ് വോട്ടെടുപ്പ്. നിലവില്‍ അക്കാദമി അധ്യക്ഷന്‍ ചന്ദ്രശേഖര കമ്പാര്‍ സ്ഥാനം ഒഴിയും. വൈസ് പ്രസിഡന്‍റ് മാധവ് കൗശിക് അധ്യക്ഷസ്ഥാനത്തേയ്ക്ക് എത്തേണ്ടതാണ്. ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ മുതിര്‍ന്ന സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ വൈസ് പ്രസിഡന്‍റ് ആകാനും ധാരണയായിരുന്നു. എന്നാല്‍ സംഘപരിവാര്‍ സംഘടനകളുടെ പിന്തുണയുള്ള പാനല്‍ മുന്നോട്ടുവന്നതോടെയാണ് മല്‍സരത്തിന് വഴിയൊരുങ്ങിയത്. കര്‍ണാടക സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ മെല്ലെപുരം ജി വെങ്കിടേശയാണ് ഈ പാനലില്‍ അധ്യക്ഷസ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്നത്. 

 

കുമുദ് ശര്‍മ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കും മല്‍സരിക്കുന്നു. 92 അംഗങ്ങള്‍ക്കാണ് വോട്ടവകാശം. കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങള്‍ അടക്കമുള്ളവരുടെ വോട്ടിലാണ് സംഘപരിവാര്‍ പിന്തുണയുള്ള പക്ഷം പ്രതീക്ഷയര്‍പ്പിക്കുന്നത്. കേന്ദ്ര ലളിതകലാ അക്കാദമിയുടെയും സംഗീതനാടക അക്കാദമിയുടെ അധികാരങ്ങളില്ലാതാക്കിയതുപോലെ സാഹിത്യ അക്കാദമിയെയും സര്‍ക്കാര്‍ ഉന്നമിടുകയാണെന്ന് എഴുത്തുകാര്‍ വിമര്‍ശിക്കുന്നു. 2018ല്‍ അക്കാദമിയിലെ ബിജെപി നീക്കം പാളിയിരുന്നു. കെ പി രാമനുണ്ണി മലയാളത്തിന്‍റെ കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് എത്തിയേക്കും.  

 

 

kendra sahitya academy election