തൃശൂര്‍ തിരുവാണിക്കാവില്‍ പെണ്‍സുഹൃത്തിനെ കാണാന്‍ അര്‍ധരാത്രി വീട്ടില്‍വന്നതിന്റെ പേരില്‍ സദാചാര സംഘം മര്‍ദ്ദിച്ചവശനാക്കിയ ബസ് ഡ്രൈവര്‍ മരിച്ചു. മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. നാട്ടില്‍ നിന്ന് മുങ്ങിയ എട്ടു പ്രതികള്‍ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ഫെബ്രുവരി പതിനെട്ടിന് അര്‍ധരാത്രിയായിരുന്നു ആക്രമണം. തൃശൂര്‍..തൃപ്രയാര്‍ റൂട്ടിലെ സ്വകാര്യ ബസിന്റെ ഡ്രൈവറായിരുന്നു സഹര്‍. തൃശൂര്‍ തിരുവാണിക്കാവിലെ പെണ്‍സുഹൃത്തിനെ കാണാന്‍ അര്‍ധരാത്രിയോടെ വീട്ടില്‍വന്നു. പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് വിദേശത്താണ്. നാട്ടുകാരായ എട്ടു യുവാക്കള്‍ ഈ സമയം, വീട് വളഞ്ഞ് സഹറിനെ പിടിച്ചിറക്കി മര്‍ദ്ദിച്ചവശനാക്കി. സമീപത്തെ ക്ഷേത്രത്തിന്റെ സിസിടിവി കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതു തെളിവായി. ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികില്‍സ തുടരുന്നതിനു ഇന്ന് ഉച്ചയ്ക്കു മരിച്ചു. അങ്ങനെ പൊലീസ് അന്വേഷിച്ചിരുന്ന വധശ്രമക്കേസ് കൊലക്കേസായി മാറി. പ്രതികള്‍ കൊലയാളികളും. ഒന്നാംപ്രതി രാഹുല്‍ വിദേശത്താണ്. എട്ടു പേരാണ് നിലവില്‍ പ്രതികള്‍. ഇവര്‍ക്കെതിരെ, കൊലക്കുറ്റത്തിന് കേസെടുത്തു.
സഹര്‍ കാണാന്‍ വന്ന പെണ്‍സുഹൃത്തിന്റെ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. സദാചാര പൊലീസ് ചമഞ്ഞെത്തിയ എട്ടംഗ സംഘം കൊല്ലപ്പെട്ട സഹറിന്റെ പരിചയക്കാരായിരുന്നു. അര്‍ധരാത്രി വീട്ടില്‍വന്നത് ചോദ്യംചെയ്തായിരുന്നു മര്‍ദ്ദനം. പ്രതികളുടെ ഒളിയിടം കണ്ടെത്താന്‍ പ്രത്യേക പൊലീസ് സംഘം രൂപികരിച്ചു. പ്രതികളെ ഒളിപ്പിച്ച അഭിഭാഷകനും പൊലീസിന്റെ നിരീക്ഷണത്തിലാണ്.
Moral policing on bus driver death