asianet
ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റ കോഴിക്കോട് ഒാഫിസില്‍ പൊലീസ് പരിശോധന. കുട്ടികളെ ലഹരിക്ക് അടിമയാക്കുന്നതുമായി ബന്ധപ്പെട്ട് സംപ്രേഷണം ചെയ്ത വാര്‍ത്തയില്‍ 14 വയസുള്ള പെണ്‍കുട്ടിയുമായുള്ള അഭിമുഖം വ്യാജമായി ചിത്രീകരിച്ചതാണെന്ന പി.വി.അന്‍വര്‍ എം.എല്‍.എയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കഴിഞ്ഞദിവസം കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റ തുടര്‍ച്ചയായാണ് പരിശോധന. അഡീഷണല്‍ എസ്.പി എൽ. സുരേന്ദ്രന്‍, ക്രൈംബ്രാഞ്ച് എ.സി.പി വി.സുരേഷ്, തഹസില്‍ദാര്‍ സി.ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. അന്‍വര്‍ ഡി.ജി.പിക്ക് കൊടുത്ത പരാതി വെള്ളയില്‍ പൊലീസിന് കൈമാറുകയായിരുന്നു. നിയമസഭയിലും അൻവർ  ഇതേ വിഷയം ഉന്നയിച്ചിരുന്നു.