എം.എസ്.പി അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് തൊഴിച്ചിട്ട സ്റ്റൂള്‍ തട്ടി പരുക്കേറ്റ മലപ്പുറത്തെ സബ്സിഡറി സെന്‍ട്രല്‍ പൊലീസ് കാന്‍റീനിലെ ജീവനക്കാരി നടക്കാന്‍ പോലുമാവാതെ പ്രയാസത്തില്‍. ഗുരുതര ഹൃദ്രോഗബാധ കൂടിയുളള ജീവനക്കാരിക്ക് നിലവില്‍ ജോലിക്ക് പോവാനാവുന്നില്ല. എംഎസ്പിയിലെ അസിസ്റ്റന്‍റ് കമാന്‍ഡന്റ് റോയി റോജസിനെതിരെയാണ് പരാതി. കേസാക്കാതിരിക്കാന്‍ ഉമ്മത്തൂര്‍ പരുവമണ്ണയിലെ ബിന്ദു സുരേന്ദ്രന് ഇതുവരെ പതിനൊന്നായിരം രൂപയും കൈമാറിയിട്ടുണ്ട്.
കാന്‍റീനിലെത്തിയ ഗൃഹോപകരണങ്ങളുടെ ലോഡ് ഇറക്കി വച്ച ശേഷം ക്ഷീണം മാറ്റുകയായിരുന്ന മൂന്ന് തൊഴിലാളികള്‍ വിശ്രമിച്ചെന്നാരോപിച്ചായിരുന്നു മാനേജരുടെ ചുമതലയുളള അസിസ്റ്റന്‍റ് കമാന്‍ഡന്റ് ആക്രോശിച്ചുകൊണ്ടെത്തിയത്. ദേഷ്യത്തോടെ തട്ടിത്തെറിപ്പിച്ച സ്റ്റൂള്‍ ഇടിച്ച് അടുത്തു നില്‍ക്കുകയായിരുന്ന ബിന്ദുവിന്‍റെ ദേഹത്ത്. ഇടിയുടെ ആഘാതത്തില്‍ വീണ ബിന്ദുവിന്‍റെ കാലില്‍ പ്ലാസ്റ്റര്‍ ഇടേണ്ടി വന്നു. കഴിഞ്ഞ നവംബര്‍ 5നായിരുന്നു സംഭവം.
ഒരു മാസത്തിനു ശേഷം ജോലിക്ക് പോവാന്‍ ശ്രമിച്ചെങ്കിലും നടക്കാനോ നിവര്‍ന്നിരിക്കാനോ കഴിയാത്തതുകൊണ്ട് മടങ്ങി പോരേണ്ടിവന്നു. ഹൃദ്രോഗ ചികില്‍സക്ക് മരുന്നിന് മാത്രം പതിനായിരം രൂപയോളം ചിലവ് വരുമെന്ന് ബിന്ദു പറയുന്നു. ഇതിനിടെ റോയ് റോജസ് ആയിരം രൂപ നേരിട്ടും പൊലീസ് ഉദ്യോഗസ്ഥര്‍ വഴി പതിനായിരം രൂപയും കൈമാറിയിട്ടുണ്ട്. പൊലീസിന്‍റെ സ്ഥാപനത്തിനുളളില്‍ നടന്ന സംഭവമായിട്ടും കൂടുതല്‍ അന്വേഷണം പോലുമുണ്ടായിട്ടില്ല.
Assistant commandant attacked canteen staff; Malappuram MSP