സ്കൂള്‍ വിനോദയാത്രയ്ക്ക് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം സ്വയം തയാറാക്കി ബസുടകള്‍. കോഴിക്കോട്ടെ രണ്ട് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ വ്യാജ സീലും ഒപ്പും ഉപയോഗിച്ചാണ് ചില ടൂറിസ്റ്റ് ബസുടമകള്‍ വ്യാജ അനുമതി പത്രം തയാറാക്കിയിരിക്കുന്നത്. യാത്രയ്ക്ക് ഒരാഴ്ച മുമ്പ് വാഹനം നേരിട്ട് പരിശോധിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് നിബന്ധന. വിഡിയോ റിപ്പോര്‍ട്ട് കാണാം.
നഗരത്തിലെ ഒരു സ്കൂളില്‍ നിന്ന് വിനോദയാത്ര പോകാന്‍ ടൂറിസ്റ്റ് ബസുടമകള്‍ സ്വയം നിര്‍മിച്ച സാക്ഷ്യപത്രമാണിത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രവീണ്‍രാജിന്റ വ്യാജ ഒപ്പും സീലും സഹിതം. സാക്ഷ്യപത്രത്തിന് മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയിട്ടുള്ള പ്രത്യേക ഫോറത്തില്‍ വിവരങ്ങള്‍ സ്വയം എഴുതിചേര്‍ത്തിരിക്കുന്നു. ഫെബ്രുവരി ഒന്‍പതിനുള്ള യാത്രയ്ക്ക് വാഹനം പരിശോധിച്ചതായി കാണിച്ചിരിക്കുന്നത് തലേദിവസം.
പ്രവീണ്‍രാജിന് പുറമെ മറ്റൊരു എംവിെഎയുടെ വ്യാജ സീലും ഒപ്പും ഉപയോഗിച്ചും സാക്ഷ്യപത്രം തയാറാക്കിയിട്ടുണ്ട്. ഇതുവരെ ആറെണ്ണം കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നടക്കാവ് പൊലീസില്‍ പരാതി നല്‍കി. ക്രമക്കേട് നടത്തിയ ബസുകളുടെ നമ്പരുകളും കൈമാറിയിട്ടുണ്ട്.
വടക്കാഞ്ചേരിയില്‍ വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പെട്ട് ഒന്‍പത് വിദ്യാര്‍ഥികള്‍ മരിച്ചതിനെതുടര്‍ന്നാണ് വിനോദയാത്രയ്ക്ക് അനുമതിപത്രം നിര്‍ബന്ധമാക്കിയത്.