ഒ.പനീര്‍ശെല്‍വം, എടപ്പാടി പളനിസ്വാമി

എ.ഐ.ഡി.എം.കെയിലെ അധികാരത്തര്‍ക്കത്തില്‍ ഒ.പനീര്‍സെല്‍വത്തിന് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിക്ക് തുടരാമെന്ന് സുപ്രീംകോടതി. ഇതിനെതിരെ പനീര്‍സെല്‍വം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഹൈക്കോടതി അന്തിമ തീരുമാനമെടുക്കട്ടെയെന്നും കോടതി പറഞ്ഞു. പാര്‍ട്ടി ഭരണഘടനയില്‍ ജനറല്‍ കൗണ്‍സില്‍ കൊണ്ടുവന്ന ഭേദഗതികളിലൂടെയാണ് എടപ്പാടി പളനിസ്വാമി എ.ഐ.ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായത്. പനീര്‍സെല്‍വം വഹിച്ചിരുന്നു പാര്‍ട്ടി കോര്‍ഡിനേറ്റര്‍ സ്ഥാനവും ഭരണഘടന ഭേദഗതിയിലൂടെ ഇല്ലാതാക്കി. ജോയിന്‍റ് കോര്‍ഡിനേറ്റര്‍, ഇരട്ടനേതൃസ്ഥാനം എന്നിവ അവസാനിപ്പിക്കാനുള്ള തീരുമാനവും ജനറല്‍ കൗണ്‍സില്‍ കൈകൊണ്ടു. ഈ തീരുമാനങ്ങള്‍ സ്റ്റേ ചെയ്യാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഈ ഉത്തരവാണ് സുപ്രീംകോടതി ശരിവച്ചിരിക്കുന്നത്. ജനറല്‍ കൗണ്‍സിലിനെ, പുതിയ പ്രമേയങ്ങള്‍ പാസ്സാക്കുന്നില്‍ നിന്ന് വിലക്കിയ ൈഹക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

 

ഈ ഇടക്കാല ഉത്തരവ് സ്ഥിരപ്പെടുത്തുന്നതായും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതോടെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ജനറല്‍ കൗണ്‍സിലിനുള്ള അധികാരം പൂര്‍ണമായും പുന:സ്ഥാപിക്കപ്പെട്ടു. അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട ഇരു കക്ഷികളും ഉന്നയിച്ച വാദങ്ങളില്‍ കോടതി അഭിപ്രായപ്രകടനത്തിനില്ല. അക്കാര്യങ്ങളില്‍ ഹൈക്കോടതി തന്നെ അന്തിമ തീരുമാനമെടുക്കട്ടെയെന്നും സുപ്രീംകോടതി കോടതി പറഞ്ഞു. 

 

SC upholds Madras HC's verdict, allows EPS to continue as AIADMK interim General Secretary