കെ.പത്മകുമാര്‍, ഷെയ്ഖ് ദര്‍ബേഷ് സാഹിബ്, ടി.കെ.വിനോദ് കുമാര്‍, യോഗേഷ് ഗുപ്ത

കെ.പത്മകുമാര്‍, ഷെയ്ഖ് ദര്‍ബേഷ് സാഹിബ്, ടി.കെ.വിനോദ് കുമാര്‍, യോഗേഷ് ഗുപ്ത

പുതിയ സംസ്ഥാന പൊലീസ് മേധാവിയ്ക്കായുള്ള  ആദ്യ പരിഗണനയില്‍ അഞ്ച് പേര്‍. യോഗ്യരായ എട്ട് പേരുടെ പട്ടിക തയാറാക്കിയെങ്കിലും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മൂന്ന് പേര്‍ താല്‍പര്യക്കുറവ് അറിയിച്ചതോടെയാണ് ആലോചനകള്‍ അഞ്ച് പേരിലേക്ക് ചുരുങ്ങിയത്. കെ.പത്മകുമാര്‍, ഷെയ്ഖ് ദര്‍ബേഷ് സാഹിബ് എന്നിവര്‍ക്കാണ് സാധ്യത കൂടുതലുള്ളത്. അനില്‍ കാന്ത് ജൂണ്‍ 30ന് വിരമിക്കുകയാണ്. പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ക്കാണ് ആഭ്യന്തരവകുപ്പ് തുടക്കമിട്ടിരിക്കുന്നത്. യോഗ്യതയനുസരിച്ച് സംസ്ഥാനം തയാറാക്കിയ ആദ്യ പട്ടികയില്‍ 8 പേരാണുള്ളത്. 

 

നിതിന്‍ അഗര്‍വള്‍, കെ.പത്മകുമാര്‍, ഷെയ്ഖ് ദര്‍ബേഷ് സാഹിബ്, ഹരിനാഥ് മിശ്ര, സഞ്ജീവ്കുമാര്‍ പട് ജോഷി, രവദ ചന്ദ്രശേഖര്‍, ടി.കെ.വിനോദ് കുമാര്‍, യോഗേഷ് ഗുപ്ത. ഇതില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഉന്നത പദവിയിലുള്ള നിതിന്‍ അഗര്‍വള്‍, ഹരിനാഥ് മിശ്ര, രവദ ചന്ദ്രശേഖര്‍ എന്നിവര്‍ സംസ്ഥാനത്തേക്ക് മടങ്ങാന്‍ താല്‍പര്യമില്ലെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഇവരൊഴികെയുള്ള അഞ്ച് പേരിലാണ് അന്തിമപരിഗണന. എങ്കിലും എട്ട് പേരുടെയും പട്ടിക കേന്ദ്രത്തിന് കൈമാറും. യു.പി.എസ്.സി ചെയര്‍മാന്റെ നേതൃത്വത്തിലെ സമിതി ഇതില്‍ നിന്ന് മൂന്ന് പേരെ തിരഞ്ഞെടുത്ത് സംസ്ഥാനത്തിന് തിരിച്ച് നല്‍കും. അതില്‍ നിന്നൊരാളെ സര്‍ക്കാരിന് പൊലീസ് മേധാവിയാക്കാം. 

 

കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ളവര്‍ പട്ടികയില്‍ നിന്നൊഴിവാവുകയും മറ്റ് അട്ടിമറികളുണ്ടാവാതിരിക്കുകയും ചെയ്താല്‍ കേന്ദ്രം തിരിച്ച് തരുന്ന പട്ടികയില്‍ സീനിയോരിറ്റിയില്‍ ഒന്നാം സ്ഥാനത്ത് കെ.പത്മകുമാറും രണ്ടാം സ്ഥാനത്ത് ഷെയ്ഖ് ദര്‍ബേഷ് സാഹിബും മൂന്നാമത് സഞ്ചീവ്കുമാര്‍ പട്ജോഷിയുമാവും. ഇതില്‍ നിലവില്‍ സര്‍ക്കാരിനോട് അടുത്ത് നില്‍ക്കുന്നവരെന്ന നിലയില്‍ സാധ്യത കൂടുതല്‍ പത്മകുമാറിനും ഷെയ്ഖ് ദര്‍ബേഷ് സാഹിബിനുമാണ്.

 

8 Officers in the list to become the police chief