രണ്ടുവര്‍ഷത്തെ ജിഎസ്ടി നഷ്ടപരിഹാരക്കണക്ക് അക്കൗണ്ടന്‍റ് ജനറല്‍ കേന്ദ്രത്തിന് സാക്ഷ്യപ്പെടുത്തി കൈമാറാന്‍ ബാക്കി. കണക്ക് കൈമാറിയാല്‍ മാത്രമേ കേരളത്തിനുള്ള ജി.എസ്.ടി. നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാര്‍ തീര്‍പ്പാക്കുകയുള്ളു. ഇതേസമയം കേന്ദ്ര റവന്യൂ വകുപ്പും പല സംസ്ഥാനങ്ങളും റിപ്പോര്‍ട്ട് നല്‍കാത്തതാണ് കണക്ക് സാക്ഷ്യപ്പെടുത്തുന്നതിന് തടസമെന്ന് സി.എ.ജി. റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുന്നു.
കേരളത്തിനുള്ള ജി.എസ്.ടി നഷ്ടപരിഹാരം സംബന്ധിച്ച അക്കൗണ്ടന്‍റ് ജനറലിന്‍റെ കണക്ക് ലഭിച്ചിട്ടില്ലെന്ന് ലോക്സഭയില്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെ അക്കൗണ്ടന്‍റ് ജനറല്‍ നഷ്ടപരിഹാര കണക്ക് സാക്ഷ്യപ്പെടുത്തി സമര്‍പ്പിച്ചു. എന്നാല്‍ 2020–21, 21–22 സാമ്പത്തികവര്‍ഷങ്ങളിലെ കണക്ക് ഇപ്പോഴും ബാക്കിയാണ്. ഇതുകൂടി സമര്‍പ്പിച്ചെങ്കില്‍ മാത്രമേ അന്തിമ കണക്ക് പരിശോധിച്ച ശേഷം സംസ്ഥാനത്തിന് ജി.എസ്.ടി നഷ്ടപരിഹാര ഇനത്തില്‍ അധികമായി എന്തെങ്കിലും കിട്ടാനുണ്ടെങ്കില്‍ അത് കിട്ടുകയുള്ളു. ജി.എസ്.ടി വരുമാനവും നഷ്ടപരിഹാരവും സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കണക്കുകളുണ്ട്. ഇത് തമ്മില്‍ പരിശോധിച്ച് വ്യത്യാസമുണ്ടെങ്കില്‍ തിരുത്തേണ്ടത് അക്കൗണ്ടന്‍റ് ജനറലാണ്.
കേന്ദ്രത്തില്‍ നിന്ന് ഈ കണക്കുകള്‍ ലഭിക്കാത്തതാണ് അന്തിമകണക്ക് തയ്യാറാക്കാന്‍ സാധിക്കാത്തതിന് കാരണമായി സിഎജി റിപ്പോര്‍ട്ടില്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2021ലെ സി.എ.ജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. തുടര്‍ച്ചയായി അഭ്യര്‍ഥിച്ചിട്ടും കേന്ദ്ര റവന്യൂ ഡിപ്പാര്‍ട്മെന്‍റ് 2018 മാര്‍ച്ചിലും 2019 മാര്‍ച്ചിലും അവസാനിച്ച സാമ്പത്തിക വര്‍ഷങ്ങളിലെ നഷ്ടപരിഹാര കണക്ക് സമര്‍പ്പിച്ചില്ല എന്നാണ് സി.എ.ജി കുറ്റപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഓഡിറ്റിങ് നടത്താന്‍ സാധിച്ചിട്ടില്ല. ഇക്കാര്യം 2020 ജൂലൈയില്‍ വീണ്ടും ചൂണ്ടിക്കാണിച്ചപ്പോള്‍ അക്കൗണ്ടന്‍റ് ജനറല്‍ സാക്ഷ്യപ്പെടുത്തിയ വാര്‍ഷിക റവന്യൂ വരുമാനത്തിന്‍റെ കണക്കുകള്‍ സംസ്ഥാനങ്ങളില്‍ നിന്ന് കിട്ടാത്തതാണ് കാരണമായി കേന്ദ്രധനമന്ത്രാലയം അറിയിച്ചത്. പല സംസ്ഥാനങ്ങളില്‍ നിന്നും രേഖകളും കണക്കുകളും കിട്ടാനുള്ള താമസമാണ് ഇതിലേക്ക് നയിക്കുന്നതെന്നും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്.
Gst kerala report