ജഡ്ജിമാർക്ക് നൽകാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യണമെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മൊഴികളുടെ ആധികാരികത ഉറപ്പിക്കാൻ കോൾ റെക്കോർഡ്സ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മുതലായവ പരിശോധിക്കണമെന്നും, ചോദ്യം ചെയ്യൽ അനിവാര്യമെന്നും റിപ്പോർട്ടിലുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാർക്ക് നൽകാൻ കോഴ വാങ്ങിയെന്ന കേസിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. 10 പേജുള്ള റിപ്പോർട്ടിൽ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കുന്നു. കോഴ ആരോപണം ഉന്നയിച്ചത് ആറ് അഭിഭാഷകരാണ്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ മൊഴി. മൊഴികളുടെ ആധികാരികത ഉറപ്പിക്കാൻ കോൾ റെക്കോർഡ്സ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മുതലായവ പരിശോധിക്കണം.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലും അനിവാര്യമാണ്. ഇക്കാര്യങ്ങൾ പ്രാഥമിക അന്വേഷ ഘട്ടത്തിൽ സാധിക്കില്ല. പ്രഥമദൃഷ്ട്യാ നോക്കിയാൽ നടന്നിട്ടുള്ളത് ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണ് നടന്നിട്ടുള്ളത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് ജഡ്ജിമാരുടെ പേരിൽ സൈബി പണം വാങ്ങിയെന്ന് കക്ഷികൾ മൊഴിനൽകിയിട്ടില്ല. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന പരാമർശവും റിപ്പോർട്ടിലില്ല. മൊഴി നൽകിയത് ജുഡീഷ്യറിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനെന്നാണ് അഭിഭാഷകരുടെ നിലപാട്. എന്നാൽ ആരോപണങ്ങൾ സൈബി ജോസ് കിടങ്ങൂർ നിഷേധിക്കുകയാണ് ചെയ്തത്. തനിക്കെതിരെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഉയർന്ന ആരോപണമാണെന്നും, അഭിഭാഷക അസോസിയേഷൻ ഭാരവാഹി സ്ഥാനത്തേക്ക് മത്സരിച്ചതാണ് ഇതിന് കാരണം എന്നും സൈബി മൊഴി നൽകിയതായും റിപ്പോർട്ടിലുണ്ട്
Bribery case police report against adv saiby jose kidangoor