ഗതാഗത നിയമലംഘനങ്ങള്‍ കയ്യോടെ പിടികൂടുന്ന എ.ഐ. ക്യാമറകള്‍ വഴി പിഴ ഈടാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് സര്‍ക്കാരിന്റെ അനുമതി തേടി. മന്ത്രിസഭയോഗം വിഷയം പരിഗണിക്കും. അനുവാദമായാല്‍ രണ്ടാഴ്ചക്കുള്ളില്‍ പിഴ ഈടാക്കിത്തുടങ്ങും.
എ.ഐ. ക്യാമറകള്‍ അഥവാ നിര്‍മിത ബുദ്ധിയുള്ള ക്യാമറകളാണ് റോഡില്‍ പിഴ തരാന്‍ കാത്തിരിക്കുന്നത്. 225 കോടി രൂപ മുടക്കി 675 ക്യാമറകള്‍ ദേശീയ–സംസ്ഥാന പാതകളിലെല്ലാം സ്ഥാപിച്ചിട്ട് 11 മാസമായി. ചില സാങ്കേതിക തടസങ്ങള്‍ കാരണം അവ കണ്ണ് തുറന്നിരുന്നില്ല. തടസങ്ങളെല്ലാം മാറിയതോടെയാണ് പിഴ ഈടാക്കാന്‍ തയാറെന്ന് മോട്ടോര്‍വാഹനവകുപ്പ് സര്‍ക്കാരിന് അറിയിച്ചത്. ഹെല്‍മറ്റും സീറ്റ് ബല്‍റ്റുമാണ് ഇവ പ്രധാനമായും പിടിക്കുന്നത്. ഇത് രണ്ടും ഡ്രൈവര്‍ക്ക് മാത്രമല്ല, എല്ലാ യാത്രക്കാര്‍ക്കും വേണം. ഇതുകൂടാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ്ങും റെഡ് സിഗ്നല്‍ ലംഘിക്കലും പിടിക്കും. അമിതവേഗം ആദ്യഘട്ടം പിടിക്കില്ലെങ്കിലും രണ്ടാംഘട്ടത്തില്‍ അതിനും പിടിവീഴും.
ഇപ്പോള്‍ റോഡില്‍ തടഞ്ഞ് നിര്‍ത്തുന്ന ഉദ്യോഗസ്ഥരുടെ കണ്ണില്‍പെട്ടില്ലങ്കില്‍ ഗതാഗത നിയമലംഘനം നടത്തിയാലും രക്ഷപെടാമായിരുന്നു. ഇനി റോഡില്‍ ഉദ്യോഗസ്ഥരില്ലങ്കിലും തെറ്റ് ചെയ്താല്‍ രണ്ട് ദിവസത്തിനുള്ളില്‍ പിഴയുടെ ബില്‍ മൊബൈല്‍ വഴി വീട്ടിലെത്തും.
675 AI cameras now keeping a tab on roads in Kerala