കോഴ ആരോപണ കേസിൽ അന്വേഷണത്തെ എന്തിന് ഭയപ്പെടുന്നുവെന്ന് അഡ്വ.സൈബി ജോസ് കിടങ്ങൂരിനോട് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന ആവശ്യം ഈ ഘട്ടത്തിൽ അപക്വമെന്ന് വിലയിരുത്തിയ കോടതി സൈബിയുടെ ഹർജി ഫയലിൽ സ്വീകരിച്ചില്ല. കേസിൽ ഈ ഘട്ടത്തിൽ സൈബിയെ അറസ്റ്റ് ചെയ്യാൻ നീക്കമില്ലെന്ന് സർക്കാർ വ്യക്തമാക്കി
കൈക്കൂലി കേസിൽ തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന അഡ്വ. സൈബി ജോസ് കിടങ്ങൂരിന്റെ ഹർജിയിലാണ് സത്യം പുറത്തുവരണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. കേസിനുപിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ അത് പുറത്തു കൊണ്ടുവരണം. അന്വേഷണത്തെ എന്തിന് ഭയപ്പെടുന്നുവെന്നും, നേരിടണമെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പറഞ്ഞു. ഈ ഘട്ടത്തിൽ കേസ് റദ്ദാക്കണമെന്ന ആവശ്യം അപക്വമാണെന്നും കോടതി വിലയിരുത്തി. അന്വേഷണം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ എന്തിനാണ് ഇത്ര ധൃതിപിടിച്ച് ഇത്തരമൊരു ഹർജിയെന്നും കോടതി ചോദിച്ചു.
ഹർജി ഫയലിൽ സ്വീകരിക്കാൻ കോടതി തയ്യാറായില്ല. ആരോപണത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് അന്വേഷണം നടത്തുക എന്നത് സർക്കാരിന്റെ കർത്തവ്യമാണ്. ആരോപണത്തിൽ കഴമ്പുണ്ടെന്ന നിലപാട് കോടതിക്കില്ല. എന്നാൽ ആരോപണങ്ങൾ നിയമസംവിധാനത്തെ ബാധിച്ചിട്ടുണ്ട്. ജുഡിഷ്യറിക്കും ജഡ്ജിമാർക്കും എതിരായ ആരോപണങ്ങൾ എന്ന നിലയിലല്ല കേസ് പരിഗണിക്കുന്നത്. അന്വേഷണം നടക്കട്ടെ എന്നും, കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചാൽ അവയുടെ നിയമസാധുത പരിശോധിച്ച് തീരുമാനമെടുക്കുമെന്നും കോടതി പറഞ്ഞു. അതേസമയം കേസിൽ സൈബിയെ ഈ ഘട്ടത്തിൽ അറസ്റ്റ് ചെയ്യാൻ നീക്കമില്ലെന്ന് സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. വിഷയത്തിൽ സർക്കാരിനോട് വിശദീകരണം തേടിയ കോടതി, ഹർജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
High court refuses to accept saiby's petition