സംസ്ഥാന സര്‍ക്കാര്‍ ഇന്ധന തീരുവ അടിയന്തരമായി പിന്‍വലിക്കണമെന്ന് എ.ഐ.ടി.യു.സി. പെട്രോള്‍, ഡീസല്‍ വില വര്‍ധന ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമാണ്. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്നും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ നടപടി തുടരുമ്പോള്‍ കേരളത്തില്‍ മാറ്റമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാര്‍ട്ടിക്കുള്ളിലും ഘടകകക്ഷികളിലും കടുത്ത എതിര്‍പ്പുയര്‍ന്നതോടെ ഇന്ധന സെസ് ഭാഗികമായി കുറയ്ക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. സെസ് മുന്നണിക്കുണ്ടാക്കിയേക്കാവുന്ന തലവേദന കണ്‍വീനര്‍ ഇ പി ജയരാജൻ സിപിഐ സംസ്ഥാന സെക്രട്ടറിയുമായി ചർച്ച ചെയ്തു. ബജറ്റ് ദിവസം രാത്രി എം.എൻ സ്മാരകത്തിലെത്തിയാണ് കാനത്തെ ഇ പി ജയരാജൻ കണ്ടത്. നാളെ നിയമസഭയില്‍ ബജറ്റിന്‍മേല്‍ ചര്‍ച്ച തുടങ്ങും. മൂന്ന് ദിവസമാണ് ബജറ്റ് ചര്‍ച്ച. ബുധനാഴ്ച വൈകിട്ടാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്‍റെ മറുപടി പ്രസംഗം. മറുപടി പ്രസംഗത്തില്‍ സാമൂഹ്യ സുരക്ഷാ സെസ് ഒരു രൂപയായി കുറച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
govt should withdraw fuel cess; demands AITUC