balagopal-krail

 

പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയില്‍ സെസ് ചുമത്താനുള്ള തീരുമാനം ധനമന്ത്രി എടുത്തത് അവസാനനിമിഷം. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം മുടങ്ങും എന്ന് ഉറപ്പായതോടെയായിരുന്നു അറ്റകൈ പ്രയോഗം. സംസ്ഥാനത്തിന്‍റെ വായ്പയില്‍ 2700 കോടികൂടി വെട്ടിക്കുറച്ചെന്ന അറിയിപ്പ് എത്തിയതോടെയാണ് അവസാന നിമിഷം കടുംവെട്ട് തീരുമാനമെടുത്തത്. 

 

സമീപകാലത്തൊന്നും സംസ്ഥാന ധനമന്ത്രിമാര്‍ കാണിക്കാത്ത ധൈര്യമാണ് നികുതി വര്‍ധനയുടെ കാര്യത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കാണിച്ചിരിക്കുന്നത്. കിഫ്ബി, ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി രൂപീകരിച്ച കമ്പനി എന്നിവ എടുത്ത വായ്പ മൂന്നു തവണയായി മാത്രമേ കേന്ദ്രസര്‍ക്കാര്‍ പിടിക്കൂ എന്നാണ് ധനവകുപ്പ് കരുതിയിരുന്നത്. എന്നാല്‍ പെന്‍ഷന്‍ കമ്പനി എടുത്ത വായ്പ ഒറ്റത്തവണയായി സംസ്ഥാനത്തിന്‍റെ വായ്പാപരിധിയില്‍ നിന്ന് വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം അറിയിച്ചു. 7500 കോടിരൂപയാണ് ഇങ്ങനെ പിടിക്കുന്നത്. ഇത്തവണത്തെ വായ്പയില്‍ 2700 രൂപ വെട്ടിക്കുറച്ചതായി ഇന്നലെയാണ് ധനവകുപ്പിന് അറിയിപ്പ് ലഭിച്ചത്. 

 

ഇതോടെ വരുന്ന മൂന്ന് മാസത്തെ ചെലവിനായി കേവലം 900 കോടിരൂപ മാത്രമാണ് സംസ്ഥാനത്തിന് കടമെടുക്കാന്‍ അവശേഷിക്കുന്നത്. വരും മാസങ്ങളില്‍ ശമ്പളവും പെന്‍ഷനും പോലും മുടങ്ങുന്ന സ്ഥിതിയാണെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. ഡിസംബര്‍, ജനുവരി മാസത്തെ ക്ഷേമപെന്‍ഷന്‍ തുക ഇതിനകം തന്നെ കുടിശികയാണ്. ഇങ്ങനെ മുന്നോട്ടു പോയാല്‍ അടുത്ത സാമ്പത്തക വര്‍ഷം ക്ഷേമ പെന്‍ഷന്‍ മുടങ്ങും. ക്ഷേമ പെന്‍ഷന്‍ വിതരണം മൂന്നുമാസം മുടങ്ങിയതാണ് കഴിഞ്ഞ തദ്ദേശ ഉപതിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് കാരണമെന്ന് സി.പി.എമ്മില്‍ അഭിപ്രായമുണ്ട്. അതിനാല്‍ എന്തുവിലകൊടുത്തും ക്ഷേമപെന്‍ഷന്‍ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനാലാണ് ഇന്ധന വില കൂട്ടിയതിനെ പോലും ധനമന്ത്രി ന്യായീകരിക്കാന്‍ തയ്യാറാകുന്നത്.

 

പുതുതായി ഏര്‍പ്പെടുത്തിയ ചുങ്കങ്ങള്‍ പോലെതന്നെ ഒട്ടും മയമില്ലാത്തതതായിരുന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ മൂന്നാം ബജറ്റ്. വിവിധ പദ്ധതികള്‍ക്കും വിഹിതം നീക്കിവയ്ക്കുന്നത് വേഗത്തില്‍ പറഞ്ഞുപോയ ബാലഗോപാല്‍ ഇന്ധവില വര്‍ധനയുടെ പ്രഖ്യാപനം, തന്ത്രപരമായി നികുതി നിര്‍ദ്ദേശങ്ങളുടെ അവസാന ഘട്ടത്തിലേക്ക് മാറ്റി. പ്രതിപക്ഷത്തിന്റെ പ്രതിഷേധം സഭാ ടി.വി കാണിച്ചുമില്ല.

 

വിഭവ സമൃദ്ധമായ പ്രാതലോടെ കെ.എന്‍. ബാലഗോപാല്‍ ഒൗദ്യോഗിക വസതില്‍ ബജറ്റ് ദിനം തുടങ്ങിയപ്പോള്‍ വരാനിരിക്കുന്നത് അധികഭാരങ്ങളാണ് ആരും കരുതിക്കാണില്ല. തുടര്‍ന്ന് സഭാതലത്തിലേയ്ക്ക് ഭരണ–പ്രതിപക്ഷ അംഗങ്ങളുമായി കുശലം. തുടര്‍ന്ന് ഉദ്ധരിണികളും അലങ്കാരങ്ങളുമില്ലാതെ ശരവേഗത്തില്‍ ബജറ്റ് വായന. മന്ത്രി പറഞ്ഞ ജനക്ഷേമ മാജിക് വ്യക്തമായത് 153 പേജുള്ള ബജറ്റിന്റെ 149 ാം പുറത്തെ അവസാന ഖണ്ഡികയിലാണ്.

 

പിന്നാലെ ബ്രിട്ടന്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ബാലഗോപാല്‍ കടന്നു. അപ്പോള്‍ അതുവരെ മിണ്ടാതിരുന്ന് ബജറ്റ് വായന കേട്ട പ്രതിപക്ഷം കൊള്ള എന്ന് കടലാസില്‍ എഴുതി ഉയര്‍ത്തിക്കാട്ടി ബഹളം തുടങ്ങി. അത് പക്ഷേ സഭാ ടിവിയുടെ ക്യാമറയില്‍ പതിഞ്ഞില്ല. അതുകൊണ്ട് ജനങ്ങളാരും കണ്ടുമില്ല. ഭരണപക്ഷം റൈറ്റിങ് പാഡിന്റെ മഞ്ഞ പുറംകവര്‍ എടുത്തുകാട്ടി നേരിട്ടു . ഫുട്ബോളില്‍  മഞ്ഞകാര്‍ഡ് കാണിക്കുന്നതുപോലെ. പ്രസംഗം അവസാനിപ്പിച്ചതോടെ ബാലഗോപാലിന് കൈകൊടുത്ത് മന്ത്രിമാര്‍. പ്രതിഷേധത്തോടെ  പ്രതിപക്ഷവും.

 

Budget: Kerala introduces cess on petrol, diesel, liquor