തലസ്ഥാനത്ത് ഓംപ്രകാശിന്റേത് ഉള്‍പ്പടെയുള്ള ഗുണ്ടാസംഘങ്ങള്‍ വീണ്ടും സജീവമായത് റിയല്‍ എസ്റ്റേറ്റ് കച്ചവടം പിടിക്കാന്‍. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് പദ്ധതിയുടെ മറവിലെ കച്ചവടമായിരുന്നു ലക്ഷ്യമെന്ന് ഓംപ്രകാശിന്റെ കൂട്ടാളികള്‍ പൊലീസിന് മൊഴി നല്‍കി. ഡി.ജെ പാര്‍ട്ടി നടത്തി ഓംപ്രകാശ് യുവാക്കളെ ഗുണ്ടാസംഘത്തിലേക്ക് ആകര്‍ഷിച്ചിരുന്നെന്നും, പാറ്റൂര്‍ ഗുണ്ടാ ആക്രമണക്കേസില്‍ അറസ്റ്റിലായ മൂന്ന് പേര്‍ സംഘത്തില്‍ ചേര്‍ന്നത് ഡി.ജെ. പാര്‍ട്ടിവഴിയെന്നും മൊഴി.
വിഴിഞ്ഞം തുറമുഖത്തിന്റെ തുടര്‍ച്ചയായി തലസ്ഥാന ജില്ലയിലെ റോഡ് ഗതാഗതം ഉള്‍പ്പെടെ വികസിപ്പിക്കാനുള്ള പദ്ധതിയാണ് ഔട്ടര്‍ റിങ് റോഡ്. ഇതിന്റെ മറവിലെ കച്ചവടവും കുടിപ്പകയുമാണ് നിര്‍ജീവമായിരുന്ന ഗുണ്ടാസംഘങ്ങള്‍ വീണ്ടും തലപൊക്കാന്‍ കാരണമെന്നാണ് കഴിഞ്ഞദിവസം കീഴടങ്ങിയ ഓംപ്രകാശിന്റെ കൂട്ടാളികള്‍ ഏറ്റുപറയുന്നത്. പദ്ധതി കടന്നുപോകുന്ന മംഗലപുരം, പോത്തന്‍കോട് ഭാഗങ്ങളിലെ റിയല്‍ എസ്റ്റേറ്റ് കച്ചവടം ഓംപ്രകാശ് ലക്ഷ്യമിട്ടിരുന്നു. ബെനാമിപേരില്‍ ഭൂമി വാങ്ങിക്കൂട്ടി മറിച്ചുവിറ്റും, ഭൂമി വാങ്ങാനും വില്‍ക്കാനുമെത്തുന്നവരെ ഭീഷണിപ്പെടുത്തി ഇടനിലക്കാരായും കോടികള്‍ സമ്പാദിക്കുകയായിരുന്നു ലക്ഷ്യം. എതിരാളിയായ മുട്ടട നിധിനും ഇതേ കളത്തിലിറങ്ങിയതോടെ തര്‍ക്കമായി. പലതവണ ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നെങ്കിലും ഫലംകണ്ടില്ല. ഒടുവില്‍ താനാണ് വലിയവനെന്ന് തെളിയിക്കാനാണ് നിധിനെയും സംഘത്തെയും ഓംപ്രകാശിന്റെ സംഘം പാറ്റൂരില്‍ വച്ച് വെട്ടിയത്.
ശക്തിക്ഷയിച്ച് പോയ ശേഷമുള്ള രണ്ടാംവരവിനായി തന്റെ സംഘത്തെ വിപുലപ്പെടുത്താന്‍ ഡി.ജെ പാര്‍ട്ടികളെയും ഓംപ്രകാശ് ആയുധമാക്കിയതിന്റെ തെളിവും പൊലീസിന് ലഭിച്ചു.
രണ്ട് വര്‍ഷത്തിനിടെ ഇരുപതോളം ഡി.ജെ പാര്‍ട്ടികള്‍ ഓംപ്രകാശ് സംഘടിപ്പിച്ചു. അതിന്റെ മറവില്‍ ലഹരി കച്ചവടവും നടത്തി. സ്ഥിരമായി ലഹരി കഴിച്ച് അടിമകളാകുന്നവരെ പിന്നീട് കൂടെനിര്‍ത്തി. പാറ്റൂര്‍ കേസില്‍ അറസ്റ്റിലായ അഭിലാഷ്, രഞ്ചിത്, സുബ്ബരാജ് എന്നിവര്‍ ഇതിന് ഉദാഹരണങ്ങളാണ്.
Gangsters are active again in Thiruvananthapuram