zoo-new

TAGS

വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായിരുന്ന  തിരുവനന്തപുരത്തെ മൃഗശാല മൃഗങ്ങളുടെ ശവപ്പറമ്പാകുന്നു. അഞ്ചുവര്‍ഷത്തിനിടെ ചത്തത്  മൂന്ന് കടുവകള്‍ ഉള്‍പ്പെടെ 422 മൃഗങ്ങള്‍. ഒരുവര്‍ഷത്തിനിടെ 54 കൃഷ്ണമൃഗങ്ങളുള്‍പ്പെടെ നൂറില്‍ പരം മൃഗങ്ങള്‍ ചത്തു. അടുത്തിടെ ചത്ത മൃഗങ്ങളുടെ സാംപിളുകള്‍ പരിശോധിച്ചതില്‍ ഇരുപതെണ്ണത്തിന് ക്ഷയരോഗമുണ്ടായിരുന്നതായി കണ്ടെത്തി. 

കടുവക്കൂട്ടില്‍ കഴുതപ്പുലി ...കാണികളെ ത്രസിപ്പിച്ചിരുന്ന  ജോര്‍ജും പൊന്നിയും ആതിരയുമൊക്കെ ഒാര്‍മ മാത്രം. ഇനിയവശേഷിക്കുന്നത് നാലെണ്ണം . സിംഹരാജന്‍മാരുടെ ഗര്‍ജനവും നിലച്ചു.. ഗ്രേസി മാത്രമാണ് കൂട്ടില്‍ ബാക്കി. ആയുഷ് പ്രായാധിക്യത്തേത്തുടര്‍ന്ന് ആശുപത്രിയിലാണ് . ജിറാഫ് , സീബ്ര, അമേരിക്കന്‍ പുലി തുടങ്ങിയവയുടെയൊക്കെ കൂടുകളിന്ന് കാലിയാണ്. 2017ല്‍ 49 , 18 ല്‍ 88, 19 ല്‍ 109 എന്നിങ്ങനെയാണ് ചത്ത മൃഗങ്ങളുടെ കണക്ക്. 2020 ല്‍ 85 ഉം 21 ല്‍ 91 മൃഗങ്ങളും ജീവന്‍ വെടിഞ്ഞു. പ്രായാധിക്യവും രോഗങ്ങളും ബാധിച്ച് ഭൂരിഭാഗം മൃഗങ്ങളും കൂടൊഴിഞ്ഞതോടെ പേരില്‍ മാത്രമാണ് മൃഗശാലയുടെ പ്രതാപം.

ഒരുവര്‍ഷത്തിനുളളില്‍ ഏററവും കൂടുതല്‍ ചത്തത് കൃഷ്ണമൃഗങ്ങളാണ് 54 എണ്ണം. 42 പുളളിമാനുകളും 3 ഇഗ്വാനകളും 3 കാട്ടുപോത്തുകളും ചത്തു. വിവിധയിനത്തില്‍പെട്ട 24 പക്ഷികള്‍,  12 ലക്ഷം വീതം വിലയുളള രണ്ട് പ്രത്യേകയിനം തത്തകള്‍.. അനക്കോണ്ട ഒക്കെയും മണ്ണിനടയിലായി. ക്ഷയരോഗം സ്ഥിരീകരിച്ചതിനാല്‍ നടപടിയാവശ്യപ്പെട്ട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസില്‍ നിന്ന് മൃഗശാലാ ഡയറക്ടര്‍ക്ക് കത്തയച്ചിട്ടുണ്ട്.