മൂന്നാറില്‍ ഒറ്റയാന്‍ പടയപ്പയെ പ്രകോപിപ്പിച്ചവരെ പൂട്ടാന്‍ വനംവകുപ്പ്.  കടലാര്‍ എസ്റ്റേറ്റ് സ്വദേശിയായ  ജീപ്പുടമ ദാസിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.  വിനോദ സഞ്ചാരികളെ  കാണിക്കാനായാണ് ആനയെ ഡ്രൈവര്‍മാര്‍ പ്രകോപിപ്പിക്കുന്നതെന്നാണ് കണ്ടെത്തല്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കഴിഞ്ഞ ദിവസം പടയപ്പയെ ജീപ്പ് ഡ്രൈവര്‍മാര്‍ പ്രകോപിപ്പിച്ചതിന് പിന്നാലെയാണ് വനംവകുപ്പിന്‍റെ നടപടി. പ്രകോപിപ്പിച്ച ജീപ്പുകള്‍ തിരിച്ചറിഞ്ഞുവെന്ന് വനംവകുപ്പ് വ്യക്തമാക്കി. ഇവ കസ്റ്റഡിയിലെടുക്കും. ജീപ്പ്  ഡ്രൈവര്‍ ദാസ് തമിഴ്നാട്ടിലേക്ക് കടന്നു. ഇയാളെ ഉടന്‍ പിടികൂടി അറസ്റ്റ് ചെയ്യുമെന്ന് ഡിഎഫ്ഒ പറഞ്ഞു.  

പടയപ്പയെ കാണിക്കാമെന്ന് പറഞ്ഞ് വിനോദ സഞ്ചാരികളെ ചില റിസോര്‍ട്ടുകളും ടാക്സി ഡ്രൈവര്‍മാരും സമീപിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് ഇവര്‍ക്ക് ഉദ്യോഗസ്ഥര്‍ താക്കീത് നല്‍കിക്കഴിഞ്ഞു. സംഭവത്തിന്‍റെ ഗൗരവം ടൂറിസം വകുപ്പിനെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആളുകളെ ആക്രമിച്ച ചരിത്രമില്ലാത്ത പടയപ്പയ്ക്ക് നേരെയുണ്ടാകുന്ന പ്രകോപനം ആനയെ അക്രമാസക്തനാകുന്നതിന് ഇടയാക്കുമെന്ന് വിലയിരുത്തിയാണ് വനംവകുപ്പിന്‍റെ നടപടികള്‍. ആനയെ പ്രകോപിപ്പിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.