മൂന്നാം മുന്നണി ലക്ഷ്യമിട്ട് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ വന്‍ നീക്കം. തെലങ്കാനയിലെ ഖമ്മത്ത് പ്രതിപക്ഷ നിരയിലെ പ്രമുഖരെ അണിനിരത്തി മഹാറാലി നടത്തി. സംസ്ഥാന സര്‍ക്കാരുകളെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിയമസംവിധാനത്തെ കൂടി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നു റാലിയില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.

 

തെലങ്കാനയിലെ രാഷ്ട്രീയ പടയോട്ടങ്ങളുടെ ആരംഭ ഭൂമിയായ ഖമ്മത്ത് ലക്ഷങ്ങളെ അണിനിരത്തിയാണു കെ.സി.ആര്‍ ദേശീയ രാഷ്ട്രീയത്തിലെ വരവറിയിച്ചത്. ആദ്യം പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ചാണു തുടങ്ങിയത്. ബി.ജെ.പി. ഇതര സംസ്ഥാനങ്ങളെ ഒതുക്കി രാജ്യത്തെ ഫെഡറല്‍ സംവിധാനം തകര്‍ക്കാനാണു കേന്ദ്ര ശ്രമം. നനാത്വത്തില്‍ ഏകത്വമെന്ന സങ്കല്‍പം ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നിയമ വ്യവസ്ഥ അട്ടിമറിക്കാനുള്ള നീക്കത്തിലാണെന്നും പിണറായി ആരോപിച്ചു.

 

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗതവ് മാന്‍ സിങ് ,സി.പി.ഐ. ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ, യു.പി. മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങി പ്രമുഖര്‍ റാലിക്കെത്തി. എന്നാല്‍ പ്രമുഖ പ്രാദേശിക പാര്‍ട്ടികളായ തമിഴ്നാട്ടിലെ ഡി.എം.കെയും മഹാരാഷ്ട്രയിലെ ശിവസേനയും ബംഗാളിലെ തൃണമൂലും വിട്ടുനിന്നതു കെ.സി.ആറിന്റെ മൂന്നാം മുന്നണി സ്വപ്നം അത്ര എളുപ്പത്തില്‍ യാഥാര്‍ഥ്യമാകില്ലെന്നതിന്റെ സൂചനയായി. മമതാ ബാനര്‍ജിയെ ക്ഷണിച്ചിട്ടും പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്.

 

K Chandrashekar Rao Maharally 3rd Front move