എസ്.എൻ.ട്രസ്റ്റ് ബൈലോയിൽ നിർണായക ഭേദഗതിയുമായി ഹൈക്കോടതി. വഞ്ചന കേസുകളിലും, ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്നും വിട്ടു നിൽക്കണമെന്ന് കോടതി ഉത്തരവിട്ടു. വിധി എല്ലാ ട്രസ്റ്റ് അംഗങ്ങളെയും ബാധിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു

 

എസ്.എൻ ട്രസ്റ്റ് മാനേജിങ് കമ്മിറ്റി അംഗം ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ഭേദഗതി പ്രകാരം, വഞ്ചന കേസുകളിലും, ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉൾപ്പെട്ടവർ ഭാരവാഹിത്വത്തിൽ നിന്നും വിട്ടുനിൽക്കണം. കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി ഇവർ തുടരാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

 

ട്രസ്റ്റിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാൻ ബൈലോയിൽ ഭേദഗതി വരുത്തണമെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം. ട്രസ്റ്റ് സ്വത്ത് കേസിൽ ഉൾപ്പെട്ടവർ ഭാരവാഹിയായി ഇരുന്നാൽ കേസ് നടപടികൾ കാര്യക്ഷമമായി നടക്കില്ലെന്നും ഹർജിക്കാരൻ വാദിച്ചു. വെള്ളാപ്പള്ളി നടേശനടക്കമുള്ളവരെ എതിർകക്ഷിയാക്കിയായിരുന്നു ഹർജി. എന്നാൽ ഭേദഗതി ആവശ്യത്തെ എസ്.എൻ ട്രസ്റ്റ് ശക്തമായി എതിർത്തു. ആവശ്യം അംഗീകരിച്ചാൽ ഏതെങ്കിലും ട്രസ്റ്റ് അംഗത്തിനെതിരെ ക്രിമിനൽ കേസ് ഉണ്ടാക്കി അവരെ ഭാരവാഹിത്വത്തിൽ നിന്നും മാറ്റി നിർത്താൻ എളുപ്പമാണെന്നായിരുന്നു എസ്.എൻ.ട്രസ്റ്റിന്റെ വാദം. എന്നാൽ ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബൈലോ ഭേദഗതി വരുത്തിയത്. വിധി തന്നെ മാത്രമല്ല എല്ലാ ട്രസ്റ്റ് അംഗങ്ങളെയും ബാധിക്കുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം

The High Court has amended the SN Trust Bylaws