ജോഷിമഠ് മണ്ണിടിച്ചിലില്‍ നാല് വാര്‍ഡുകളിലേക്ക് പ്രവേശനം നിരോധിച്ചു. സിങ്ധര്‍, ഗാന്ധിനഗര്‍, മനോഹര്‍ബാഗ്, സുനില്‍ എന്നിവിടങ്ങളില്‍ സ്ഥിതി അതീവഗുരുതരം. നാട്ടുകാരെ ഇന്നുതന്നെ ഒഴിപ്പിക്കും. ഭൂമി ഇടിഞ്ഞുതാഴ്ന്ന് വീടുകൾ തകരുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിന്റെ സംരക്ഷണത്തിനായി എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും  ഒഴിപ്പിക്കലിനോട് സഹകരിക്കണമെന്നും മുഖമന്ത്രി പുഷ്കർ സിങ് ധാമി. ബോർഡർ മാനേജ്‌മെന്റ് സെക്രട്ടറിയും എൻഡിഎംഎ അംഗങ്ങളും ഇന്ന് പ്രദേശം സന്ദർശിക്കും. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ അടിയന്തരവാദം കേൾക്കുന്നതിൽ സുപ്രീകോടതി നാളെ തീരുമാനമെടുക്കും.

 

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിയോഗിച്ച വിദഗ്ധ സംഘങ്ങൾ ജോഷിമഠ്  സന്ദർശിച്ച്  അപകട മേഖലകളെ വിവിധ സോണുകളായി തിരിച്ചാണ് ഒഴിപ്പിക്കൽ നടപടി തുടരുന്നത്. പ്രദേശത്തേക്ക് ഒരു തിരിച്ച് വരവ് സാധ്യമാകില്ലെന്നും തപോവൻ ഹൈഡ്രോ പവർ പ്രൊജക്ട് അടക്കമുള്ള നിർമ്മാണങ്ങളാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ഇതുവരെ 68 കുടുംബങ്ങളെ മാത്രമാണ് ഒഴിപ്പിക്കാൻ ആയിട്ടുള്ളത്.

 

രക്ഷാപ്രവർത്തനം മന്ദഗതിയിൽ ആയതോടെയാണ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി എല്ലാവരുടെയും സഹകരണം തേടിയത്. വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ ജോഷിമഠിനെ തകർക്കുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് ഇനിയെങ്കിലും കേൾക്കാൻ സർക്കാർ തയ്യാറാകണമെന്ന് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആവശ്യപ്പെട്ടു.  ജനങ്ങളെ എത്രയും പെട്ടെന്ന് ഒഴിപ്പിച്ച് കേന്ദ്രസംഘം സമർപ്പിക്കുന്ന റിപ്പോർട്ടിലെ നിർദ്ദേശ പ്രകാരം ഹ്രസ്വ -ദീർഘകാല പരിഹാര പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനം. 

 

 

Joshimath Sinking Updates: District administration identifies at-risk buildings