കാസര്‍കോട് തലക്ലായിലെ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷ ബാധമൂലമല്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മറ്റൊരു തരത്തിലുള്ള വിഷാംശം ശരീരത്തില്‍ പ്രവേശിച്ചതുമൂലം കരളിനുണ്ടായ തകരാറാണ് മരണത്തിന് വഴിവച്ചത്. മരണവുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും രാസപരിശോധനയ്ക്ക് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന വ്യക്തമാക്കി. അഞ്ജു ശ്രീയ്ക്ക് ഭക്ഷ്യവിഷ ബാധയേല്‍ക്കാനുള്ള സാധ്യതയൊന്നുമില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. അതേസമയം ഭക്ഷണത്തില്‍ നിന്നല്ലാത്ത വിഷാംശം ശരീരത്തില്‍ നിന്ന് കണ്ടെത്തിയിട്ടുമുണ്ട്. ഇവയുടെ സാന്നിധ്യമാണ് കരളുള്‍പ്പടെയുള്ള ആന്തരീകവയവങ്ങള്‍ തകരാറിലാക്കാന്‍ ഇടയാക്കിയതും മരണത്തിലേക്ക് നയിച്ചതും. 

എന്നാല്‍ എങ്ങനെയാണ് വിഷാംശം ശരീരത്തിലെത്തിയതെന്നാണ് പൊലീസ് ഇനി അന്വേഷിക്കുക. അതുമായി ബന്ധപ്പെട്ട ചിലതെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കുടുംബാഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൊലീസ് വീണ്ടും വിവരങ്ങള്‍ ശേഖരിക്കും. അതേസമയം ഇന്നലെ കസ്റ്റഡിയിലെടുത്ത ഹോട്ടലുടമ ഉള്‍പ്പടെയുള്ള മൂന്ന് പേരെ പൊലീസ് വിട്ടയച്ചു. ബേക്കല്‍ ഡിവൈഎസ്പി സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Anjushree's death was not due to food poisoning, Preliminary post-mortem report said