വിഴിഞ്ഞം സമരത്തിന്റെ ഭാഗമായിരുന്ന ക്യാംപുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വീട്ടുവാടകയിനത്തില്‍ പ്രതിമാസ സഹായം നല്‍കാന്‍ ലത്തീന്‍ അതിരൂപതയുടെ തീരുമാനം. സര്‍ക്കാര്‍ നല്‍കുന്ന 5500 രൂപയ്ക്ക് പുറമേ 1500 രൂപ ലത്തീന്‍ അതിരൂപത നല്കും. സമരം അവസാനിച്ച് ഒരുമാസം പിന്നിടുമ്പോള്‍ നൂറുകണക്കിന് കേസുകളില്‍ തുടര്‍ നടപടികളുണ്ടാകുന്നതിന്റെ നീരസത്തിലാണ് ലത്തീന്‍ സഭ.
140 ദിവസം നീണ്ട വിഴിഞ്ഞം സമരം അവസാനിച്ചിട്ട് ഒരുമാസം. ക്യാംപുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വാടകവീട്ടിലേയ്ക്ക് മാറാന്‍ മാന്യമായ വാടക തുക വേണമെന്നായിരുന്നു സമരത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. 8000 രൂപ നല്കണമെന്ന് സമരസമിതി ബലംപിടിച്ചെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. 5500ല്‍ ഒതുക്കി. അദാനി ഗ്രൂപ്പിന്റെ സിഎസ് ആര്‍ ഫണ്ടില്‍ നിന്ന് ബാക്കി തുക ലഭ്യമാക്കാമെന്ന വാഗ്ദാനം സമരസമിതിയും നിരസിച്ചു. ഇപ്പോള്‍ ലത്തീന്‍ സഭ തന്നെ 1500 രൂപ കൂടി നല്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ വീട്ടിലേയ്ക്ക് മാറുന്നതുവരെ നല്കുന്ന തുക 120 കുടുംബങ്ങള്‍ക്ക് ഉപകരിക്കും.
അതേസമയം സമരം അവസാനിപ്പിക്കുന്നതിന് നല്‍കിയ വാഗ്ദാനങ്ങളില്‍ തുടര്‍ നടപടികളുണ്ടാകുന്നതില്‍ സമരനേതൃത്വത്തിന് സംതൃപ്തിയുണ്ട്.
ഫ്ളാറ്റ് നിര്‍മാണത്തിന് 81 കോടി അനുവദിച്ചു. മുതലപ്പൊഴി ഹാര്‍ബറിലെ പ്രശ്നങ്ങള്‍ പഠിക്കുന്ന സമിതി സ്ഥലം സന്ദര്‍ശിച്ചു. തീരശോഷണം സംബന്ധിച്ച പഠനവും പുരോഗമിക്കുന്നു.
Vizhinjam fishermen latin church help