ചിന്താ ജെറോമിന് വര്‍ധിപ്പിച്ച ശമ്പളം മുന്‍കാല പ്രാബല്യത്തോടെ നല്‍കാനുള്ള തീരുമാനം വിവാദത്തില്‍. പതിനൊന്നുമാസത്തെ കുടിശികയായ അഞ്ചര ലക്ഷം രൂപ നല്‍കുന്നതില്‍ ധനവകുപ്പ് തീരുമാനമെടുത്തു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കാര്യമായ ജോലിയൊന്നുമില്ലാത്ത വേണ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വാരിക്കോരി കൊടുക്കുന്നെന്ന വിമര്‍ശനമാണ് ഉയരുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
2016 ല്‍ യുവജനകമ്മീഷന്‍ അധ്യക്ഷയാകുമ്പോള്‍ 50000 രൂപയായിരുന്നു ചിന്ത ജെറോമിന് ലഭിച്ചിരുന്നത്. ഇക്കാലത്ത് അധ്യക്ഷ സ്ഥാനത്തെ ശമ്പളം സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കിയിരുന്നില്ല. 2018ല്‍ ഒരു ലക്ഷമായി ശമ്പളം തീരുമാനിച്ചു. എന്നാല്‍ പിന്നീട് ഇതിന് മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് ചിന്ത സര്‍ക്കാരിനെ സമീപിച്ചു. 50000 രൂപ വെച്ച് 11 മാസത്തെ ശമ്പളം കണക്കാക്കി അഞ്ചരലക്ഷം രൂപ നല്‍കാന്‍ കഴിഞ്ഞദിവസം ധനവകുപ്പ് നിശ്ചയിക്കുകയായിരുന്നു. രണ്ടുദിവസത്തിനകം ഉത്തരവിറങ്ങും. താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും കിട്ടിയ അഡ്വാന്‍സ് ക്രമപ്പെടുത്തുന്നതിന് സെക്രട്ടറിയാണ് അപേക്ഷിച്ചതെന്നും ചിന്ത ജെറോം പ്രതികരിച്ചു.
എന്നാല്‍ ചിന്തയുടെ വാദം മുന്‍ അധ്യക്ഷന്‍ ആര്‍.വി.രാജേഷ് തള്ളി. ആര്‍.വി.രാജേഷിനും മുന്‍കാലപ്രാബല്യത്തോടെ ശമ്പളം നല്‍കേണ്ടി വന്നാല്‍ ഖജനാവില്‍ നിന്ന് ഇനിയും ലക്ഷങ്ങള്‍ ചെലവാകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് ധനമന്ത്രി പരിദേവനം നടത്തുന്നതിനിടെയാണ് ചിന്തയുടെ ശമ്പള വര്‍ധനയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കാനുള്ള തീരുമാനം.