തിരുവനന്തപുരത്തെ യുവസംവിധായിക നയന സൂര്യയുടെ മരണം സമഗ്രമായി പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു. കൊലപാതകം ഉള്‍പ്പെടെ എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും അദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിച്ചേക്കും. നാല് വര്‍ഷം മുന്‍പ് മരിച്ച നയന സൂര്യ കൊല്ലപ്പെട്ടതാണെന്ന സംശയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബലപ്പെട്ടിരുന്നു. ആദ്യം അന്വേഷിച്ച മ്യൂസിയം പൊലീസ് തെറ്റിദ്ധരിപ്പിച്ചാണ് അന്വേഷണം അവസാനിപ്പിച്ചതെന്ന് കുടുംബവും പരാതിപ്പെട്ടു. ഇതോടെയാണ് പൊലീസിന്റെ പുനരാലോചന. ആദ്യ അന്വേഷണത്തിലെ വീഴ്ചകളും തുടര്‍ അന്വേഷണ സാധ്യതകളും പരിശോധിക്കുന്ന എ.സി.പി ജെ.കെ.ദിനില്‍ ഇന്ന് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. അതിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടിയില്‍ അന്തിമതീരുമാനം. ലെനിന്‍ രാജേന്ദ്രന്റെ ശിഷ്യയായിരുന്ന നയനയെ അദേഹത്തിന്റെ മരണത്തിന്റെ നാല്‍പ്പത്തിയോന്നാം ദിവസമാണ് തിരുവനന്തപുരം ആല്‍ത്തറയിലെ വീട്ടില്‍ മരിച്ചനിലയില്‍ കാണുന്നത്. 

 

City Police Commissioner CH Nagaraju said that Nayana Surya's death will be thoroughly investigated