ഫയല്‍ ചിത്രം

സര്‍ക്കാര്‍ ഓഫിസുകളില്‍ പഞ്ചിങ് കര്‍ശനമാക്കാനുള്ള സര്‍ക്കാര്‍ നീക്കം ആദ്യദിനം തന്നെ പാളി. കലക്ടറേറ്റുകളില്‍ പോലും ആവശ്യത്തിനു പഞ്ചിങ് മെഷീന്‍ സ്ഥാപിച്ചില്ല. നിലവിലുള്ള മെഷീനുകളെ ശമ്പള സോഫ്റ്റുവെയറായ സ്പാര്‍ക്കുമായി  ബന്ധിപ്പിച്ചുമില്ല. കലക്ടറേറ്റുകള്‍, ഡയറക്ടറേറ്റ്, വകുപ്പ് മേധാവികളുടെ ഓഫിസുകള്‍ എന്നിവിടങ്ങളിലാണ് പ‍ഞ്ചിങ്ങ് നടപ്പാക്കാന്‍ തീരുമാനിച്ചത്. പലവട്ടം പഞ്ചിങ്ങ് നടപ്പാക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചതാണ്. ഒടുവില്‍ പുതുവല്‍സരത്തില്‍ കര്‍ശനമായി നടപ്പാക്കണമെന്നു ചീഫ് സെക്രട്ടറി തന്നെ കഴിഞ്ഞമാസം ഉത്തരവിറക്കി. എന്നാല്‍ ആദ്യ ദിനം നടപ്പാക്കണമെന്നു നിര്‍ദേശിച്ച വകുപ്പുകളില്‍ പാലക്കാട് കലക്ടറേറ്റില്‍ മാത്രമാണ് പഞ്ചിങ്ങ് നടപ്പായത്. ആവശ്യത്തിനു പ‍ഞ്ചിങ്ങ് മെഷീന്‍ പല വകുപ്പുകള്‍ക്കും ലഭിച്ചിട്ടില്ല. ഉള്ള മെഷീന്‍ ശമ്പള സോഫ്റ്റ്വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുമില്ല. 

ഇതോടെ പുതുവര്‍ഷത്തിലെ ആദ്യ സര്‍ക്കാര്‍ തീരുമാനം തന്നെ പാളിയത്. എന്നാല്‍ കഴിഞ്ഞ മാസം അവസാനമാണ് കൂട്ടത്തോടെ പഞ്ചിങ്ങ് മെഷീന്‍ ആവശ്യവുമായി വകുപ്പുകള്‍ സമീപിച്ചതെന്നും ,സ്ഥാപിക്കാനായി 15 മുതല്‍ 40 വരെ ദിവസമെടുക്കുമെന്നാണ് സാങ്കേതിക സഹായം നല്‍കുന്ന കെല്‍ട്രോണിന്‍റെ വിശദീകരണം. മെഷീനിനു ലഭ്യതകുറവുണ്ടെന്നും അവര്‍ അറിയിട്ടുണ്ട്. എന്നാല്‍ മാസാവസാനത്തിനുമുന്‍പ് തന്നെ പഞ്ചിങ്ങ് സംവിധാനം നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ജീവനക്കാര്‍ ഓഫിസിലെത്തുന്നുണ്ടെന്നു ഉറപ്പുവരുത്താനും , പൊതുജന സേവനം ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് പഞ്ചിങ്ങ് നടപ്പാക്കാന്‍ തീരുമാനിച്ചത്. 

The government's move to tighten punching in government offices failed