സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ ജനുവരി നാലിന് ബുധനാഴ്ച നടക്കും. നാലിന് സത്യപ്രതിജ്ഞ നടത്താമെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കും. സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത് ജൂലൈ ആറിനായിരുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചു. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചെന്ന കേസ് അവസാനിപ്പിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് മടങ്ങിവരവിന് പാര്‍ട്ടി പച്ചക്കൊടി വീശിയിരിക്കുന്നത്. സജി ചെറിയാന്‍റെ മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവ് ഇനി നീട്ടിക്കൊണ്ടുപോകേണ്ട കാര്യമില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ധാര്‍മികമായും നിയമപരമായും തടസങ്ങളില്ലെന്നാണ് പാര്‍ട്ടി നിലപാട്. ഗവര്‍ണറുടെ സമയം കൂടി നോക്കി സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. തീരുമാനം പാര്‍ട്ടി പ്രഖ്യാപിക്കാത്തതിനാല്‍ സജി ചെറിയാന്‍ കരുതലോടെയാണ് പ്രതികരിച്ചത്. എന്നാല്‍ പുതുവര്‍ഷ സമ്മാനമായി മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരുന്നതിലെ സന്തോഷം മറച്ചുവച്ചുമില്ല.
ഫിഷറീസ്, സാംസ്കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകള്‍ തന്നെ മടങ്ങിവരവിലും സജി ചെറിയാന് ലഭിക്കുമെന്നാണ് സൂചന. അതിനപ്പുറത്തേക്കുള്ള അഴിച്ചുപണി നിലവില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. വിവാദ പ്രസംഗത്തെ തുടര്‍ന്ന് ജൂലൈ ആറിനാണ് അദ്ദേഹം മന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ചത്. രണ്ടുദിവസത്തിനുശേഷം സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചില്ലെന്നും വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞ് എട്ടാംതീയതി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എം.എല്‍.എ സ്ഥാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയിരുന്ന ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു. ഇതോടെയാണ് മടങ്ങിവരവിന് വഴി തെളിഞ്ഞത്. സജി ചെറിയാന്‍ മന്ത്രിയായിരുന്നെങ്കില്‍ വിഴിഞ്ഞം സമരം പോലെയുള്ള പ്രശ്നങ്ങള്‍ ഇത്ര വഷളാകില്ലായിരുന്നെന്ന് സി.പി.എം വിലയിരുത്തിയിരുന്നു.
Saji Cheriyan oath on January 4th