അഡ്വ. ടി.പി.ഹരീന്ദ്രന്‍

അഡ്വ. ടി.പി.ഹരീന്ദ്രന്‍

ഷുക്കൂര്‍ വധക്കേസില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണത്തില്‍ ഉറച്ച് അഡ്വ. ടി.പി.ഹരീന്ദ്രന്‍. കു​ഞ്ഞാലിക്കുട്ടി നടപടി സ്വീകരിച്ചാല്‍ നിയമപരമായി തന്നെ നേരിടും. ക്രിമിനല്‍ അഭിഭാഷകനെന്ന നിലയിലാണ് പൊലീസ് നിയമോപദേശം തേടിയത്. പി.ജയരാജനെതിരെ കൊലക്കുറ്റം ഒഴിവാക്കാന്‍ ഇടപെട്ടെന്നായിരുന്നു ആരോപണം. 

 

അതേസമയം, അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ നിന്ന് പി. ജയരാജനെ രക്ഷപ്പെടുത്താന്‍ പി.കെ.കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന അഭിഭാഷകന്‍റെ ആരോപണം  യുഡിഎഫിനുളളില്‍ പുകയുന്നു. പികെ. കുഞ്ഞാലിക്കുട്ടിക്കെതിരെയുളള ആരോപണം ഗൗരവതരമല്ലേ എന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍റെ ചോദ്യമാണ് ലീഗിനെ ചൊടിപ്പിച്ചത്. ആരോപണത്തിനു പിന്നില്‍ ഗൂഢാലോനയുണ്ടെന്നും കെ. സുധാകരന്‍റെ ആക്ഷേപം മറ്റന്നാല്‍ ചേരുന്ന യുഡിഎഫില്‍ ഉന്നയിക്കുമെന്നും മുസ്്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു.

 

പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഗൂഢാലോചന നടത്തിയത് യു.ഡി.എഫിന് അകത്തു നിന്നുളളവരാണോ അതോ പുറത്തു നിന്നാണോ എന്ന് കണ്ടെത്തുമെന്നാണ് മുസ്്ലീംലീഗ് വ്യക്തമാക്കുന്നത്. അതായത് ഗൂഢാലോചന യു.ഡി.എഫിനുളളില്‍ നിന്നാണങ്കില്‍ പ്രശ്നത്തിന്‍റെ ഗൗരവവും ഏറും.

 

യുഡിഎഫിലെ ഏറ്റവും കരുത്തരായ പാര്‍ട്ടി മുസ്്ലീംലീഗാണന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അസ്വസ്ഥരായവര്‍ ആവാം പിന്നിലെന്നും ലീഗ് പറഞ്ഞു വയ്ക്കുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പി.കെ. കുഞ്ഞാലിക്കുട്ടിയെ പ്രതിരോധത്തിലാക്കും വിധം കെ. സുധാകരന്‍ മറുപടി പറഞ്ഞത് ലീഗിനെ പ്രകോപിപ്പിക്കുന്നുണ്ട്.  വെളളിയാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ വിഷയം മുസ്ലീംലീഗ് ഗൗരവമായി ഉന്നയിക്കും. കോണ്‍ഗ്രസിലെ ഒരു വിഭാഗവും മാനസികമായി ലീഗിനൊപ്പമുണ്ടെന്നാണ് സൂചന.

 

 

Shukoor murder case PK Kunhalikutty Adv TP Hareendran