vaidikam-resort-document-pk

സി.പി.എമ്മിലെ പൊട്ടിത്തെറിക്ക് കാരണമായ കണ്ണൂര്‍ വൈദീകം റിസോര്‍ട്ടിന്‍റെ തലപ്പത്ത് ഇ.പി.ജയരാജന്‍റെ കുടുംബമെന്ന് തെളിയിക്കുന്ന രേഖകള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു.  കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമയും ബോര്‍ഡ് ചെയര്‍പേഴ്സണും ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയാണ്. ഇന്ദിരയ്ക്ക് 82 ലക്ഷം രൂപ മൂല്യമുള്ള 12.33 ശതമാനം ഓഹരിയുണ്ടെന്ന് രേഖകള്‍ വെളിപ്പെടുത്തുന്നു. ഇ.പിയുടെ മകന്‍ ജെയ്സന് 10 ലക്ഷം രൂപയുടെ ഓഹരിയുണ്ടെന്ന് വെളിപ്പെടുത്തിയ കമ്പനി സി.ഇ.ഒ തോമസ് ജോസഫ് ഇപിയുടെ ഭാര്യ ഇന്ദിരയുടെ ഓഹരിയെത്രയെന്ന് വെളിപ്പെടുത്താന്‍ തയാറായിരുന്നില്ല. അതാണ്  ഈ രേഖകളില്‍ തെളിയുന്നത്. 2021 മാര്‍ച്ചില്‍ 4499 ഓഹരികള്‍. അതായത് 10.27 ശതമാനം. ഈ ഘട്ടത്തില്‍ ഇന്ദിരയെക്കാള്‍ ഓഹരിയുള്ള പലരുണ്ട്, പട്ടികയില്‍. 

2021 ജൂണില്‍ പി.കെ.ഇന്ദിരയ്ക്ക് 3000 ഓഹരികള്‍ കൂടി. ഇങ്ങനെ ഏറ്റവും കൂടിയ ഓഹരിയുടെ ഉടമയാകുന്ന ഇന്ദിര ഒക്ടോബറില്‍  ഡയറക്ടര്‍ ബോര്‍ഡിലേക്കെത്തുന്നു.  ഡിസംബര്‍ 17ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ ഇന്ദിരയെ പി.കെ.ജെയ്സന് പകരം ചെയര്‍പഴ്സനായി തിരഞ്ഞെടുക്കുന്നു. 2022 സെപ്റ്റംബറില്‍ ഏഴുനൂറ് ഓഹരികള്‍കൂടി കിട്ടുന്നതോടെ ഇന്ദിരയുടെ പങ്ക് 12.33 ശതമാനമാകുന്നു. മൂല്യം 81 ലക്ഷത്തി 99,000 രൂപ.രേഖകള്‍ പ്രകാരം ഈ കാലയളവില്‍ സംഭവിച്ച മറ്റൊരു പ്രധാനകാര്യം 2022 ജൂലൈയില്‍ എം.ഡി കെ.പി രമേഷ്കുമാറിനെ മാറ്റി പുതിയ എം.ഡിയായി ചുണ്ടയില്‍ കുരുവിള ഷാജി ചുമതലയേല്‍ക്കുന്നു എന്നതാണ്. ഇപിയുടെ കുടുംബവും രമേഷ്കുമാറും തമ്മിലുള്ള തര്‍ക്കമാണ് വിവാദങ്ങളുടെ ആണിക്കല്ലെന്ന് വ്യക്തം.  

PK Indira is the largest shareholder in Vaidikam Resort Company