കലോത്സവ മത്സരങ്ങളിൽ സംഘാടന വീഴ്ച്ച മൂലം മത്സരാർഥികൾക്ക് അപകടം സംഭവിച്ചാൽ സംഘാടകർ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. ബാലനീതി നിയമ പ്രകാരമാകും ശിക്ഷാ നടപടികൾ നേരിടേണ്ടി വരുക. വിവിധ മത്സരാർഥികളുടെ ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ  ഉത്തരവ്. കലോൽസവത്തിനിടെ സ്റ്റേജിൽ വച്ച് അപകടമുണ്ടായെന്നും ഇക്കാരണം കൊണ്ട് ഫലം പ്രഖ്യാപിച്ചപ്പോൾ പിന്നിലായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മത്സരാർഥികളുടെ ഹർജികൾ. കലോൽസവ അപ്പീൽ കമ്മിറ്റിക്കു മുന്നിൽ മത്സരാർഥികൾ അപ്പീൽ നൽകിയെങ്കിലും അവ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരുടെ അപ്പീലുകൾ തള്ളിയ തീരുമാനം അപ്പീൽ കമ്മിറ്റി പുനപരിശോധിക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരം, തൃശ്ശൂർ ജില്ല കലോത്സങ്ങളിലെ മത്സരാർഥികളായിരുന്നു ഹർജിക്കാർ.

 

School Kalolsavam: Legal action if accidents happen to contestants