ഇന്ത്യൻ വ്യോമസേനയിലെ ആദ്യ മുസ്ലിം വനിതാ യുദ്ധവിമാന പൈലറ്റാകാൻ ഒരുങ്ങുകയാണ് ഉത്തർപ്രദേശിലെ മിർസപുർ സ്വദേശിയായ സാനിയ മിർസ.നാഷണൽ ഡിഫൻസ് അക്കാദമിയുടെ യുദ്ധവിമാന പൈലറ്റിനുള്ള പരീക്ഷ വിജയിച്ച സാനിയ പൂണെയിലെ നാഷണൽ ഡിഫൻസ് അക്കാഡമിയിൽ ഡിസംബർ 27 ന് പ്രവേശനം നേടും. 

നാഷണൽ ഡിഫന്‍സ് അക്കാദമിയിൽ ആകെയുള്ള 400 സീറ്റുകളിലേക്കാണ് ഈ വർഷം പരീക്ഷ നടന്നത്. ആകെയുള്ള 400 സീറ്റിൽ 19 എണ്ണം സ്ത്രീകൾക്കു മാറ്റിവെച്ചതാണ്. ഇതിൽ രണ്ടു സീറ്റുകൾ വനിതാ യുദ്ധ വിമാന പൈലറ്റുകൾക്കു വേണ്ടി സംവരണം ചെയ്തതാണ്. ഇതിൽ ഒരു സീറ്റിലാണ് സാനിയ പ്രവേശനം നേടിയിരിക്കുന്നത്.

സാനിയയുടെ പിതാവ് ഷാഹിദ് അലി ടെലിവിഷൻ മെക്കാനിക്കാണ്. പത്താം ക്ലാസ് വരെ ഹിന്ദി മീഡിയം സ്കൂളിലാണ് സാനിയ പഠിച്ചിരുന്നത്. ഹിന്ദി മീ‍ഡിയത്തിൽ പഠിച്ച തനിക്ക് ഈ വി‍ജയം വലിയ നേട്ടമാണെന്നും ഹിന്ദി മീഡിയത്തിൽ പഠിച്ച വിദ്യാർഥികൾക്കും ലക്ഷ്യബോധമുണ്ടെങ്കില്‍ വിജയം കൈവരിക്കാനാവുമെന്നും സാനിയ പറഞ്ഞു. ആദ്യ ശ്രമത്തിൽ സാനിയ പരാജയപ്പെട്ടെങ്കിലും വീണ്ടും പരിശ്രമിച്ച് രണ്ടാമത്തെ ശ്രമത്തിൽ സീറ്റുറപ്പാക്കുകയായിരുന്നു.

യു.‌പി.യിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കും സാനിയയ്ക്കായിരുന്നു.രാജ്യത്തെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായ ആവ്നി ചതുർവേദിയാണ് തന്റെ റോൾ മോഡലെന്ന് സാനിയ പറഞ്ഞു. അവരെപ്പോലെയാകാനായിരുന്നു താനെന്നും ആഗ്രഹിച്ചിരുന്നതെന്നും സാനിയ കൂട്ടിച്ചേർത്തു. 

Sania Mirza to become India's first Muslim Woman Fighter Pilot.