fathima-nitha

നാഗ്പൂരിൽ അന്തരിച്ച സൈക്കിൾ പോളോ താരം ഫാത്തിമ നിദയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹം ഇന്നുതന്നെ നാട്ടിൽ എത്തിക്കാനാണ് ശ്രമം. മൃതദേഹം ഏറ്റുവാങ്ങാൻ നിദയുടെ പിതാവ് നാഗ്പൂരിൽ എത്തിയിട്ടുണ്ട്. നിദയുടെ മരണത്തിൽ അന്വേഷണം ആവശ്യപെട്ട് എ.എം.ആരിഫ് എംപി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെ കണ്ട് പരാതി നൽകി. 

ഇന്നലെ രാത്രിയാണ് നിദയുടെ പിതാവ് ഷിഹാബുദീൻ നാഗ്പൂരിൽ എത്തിയത്. ഇന്ന് രാവിലെ നാഗ്പൂരിലെ ശ്രീകൃഷ്ണ ആശുപത്രിയിലെ മോർച്ചറിയിൽ എത്തി പിതാവ് മകളെ കണ്ടു. ഇതിനുശേഷമാണ് പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചത്. പിതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ലഭ്യമാകുന്ന അടുത്ത വിമാനത്തിൽ തന്നെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് നാഗ്പൂരിലുള്ള കേരളീയ സമാജം പ്രവർത്തകർ. ഇതിനിടെ, നിദയുടെ മരണവുമായി ബന്ധപ്പെട്ട വിവാദം പുകയുകയാണ്. നിദ ഉൾപ്പെടുന്ന ടീമിന് സൈക്കിൾ ഫെഡറേഷൻ ഓഫ് ഇന്ത്യ ഭക്ഷണവും താമസവും നൽകിയില്ലെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യണം എന്നാവശ്യപെട്ട് എ.എം ആരിഫ് എംപി ലോക്സഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെ നേരിൽ കണ്ടും അദ്ദേഹം പരാതി നൽകി.

കുട്ടി ആശുപത്രിയില്‍ എത്തുംവരെ കുഴപ്പമില്ലായിരുന്നുവെന്നും ഭക്ഷ്യവിഷബാധയെന്ന് ഡോക്ടര്‍ പറഞ്ഞെന്നും കുത്തിവയ്പ് എടുത്ത ശേഷമാണ് സ്ഥിതിമാറിയതെന്നും കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ സെക്രട്ടറി ഇ.കെ.റിയാസ് മനോരമ ന്യൂസിനോട് പറഞ്ഞു.