അമ്മായിയെ കൊലപ്പെടുത്തി 10 കഷ്ണങ്ങളാക്കി റോഡിലേക്ക് വലിച്ചെറിഞ്ഞ 32കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ഡൽഹിയിൽ
ഒരു പരിപാടിക്ക് പോകാനായി അനുവദിക്കാത്തതിന്റെ പേരിലാണ് അനൂജ് ശർമ 64കാരിയായ അമ്മായിയെ കൊലപ്പെടുത്തിയത്. പിതാവിനും സഹോദരിക്കും അമ്മായിക്കുമൊപ്പം വിദ്യാദർ നഗറില്‍ താമസിക്കുന്ന അനൂജിന്റെ അമ്മ കഴിഞ്ഞ വർഷം കോവിഡ് ബാധയെത്തുടർന്ന് മരിച്ചു .ഡൽഹിക്ക് പോകുന്നതുമായി ബന്ധപ്പെട്ട കാര്യം വാക്കുതർക്കത്തിലേക്കെത്തുകയും തുടർന്ന് ഹാമറെടുത്ത് അനൂജ് അമ്മായി സരോജിന്റെ തലയ്ക്കടിക്കുകയുമായിരുന്നു.
തുടർന്ന് മാർബിൾ കട്ടറുപയോഗിച്ച് കഷ്ണങ്ങളാക്കിയ മൃതദേഹം ജയ്പൂർ–സികർ റോഡിൽ ഉപേക്ഷിക്കുകയും ചെയ്തു. കഷ്ണങ്ങളാക്കിയ മൃതദേഹം ഒരു ബക്കറ്റിലും സ്യൂട്ട്കെയ്സിലുമായാണ് ഉപേക്ഷിച്ചത്. കൊല നടത്തിയ ശേഷം അനൂജ് പൊലിസിൽ പരാതി നൽകുകയും ബന്ധുക്കൾക്കൊപ്പം സരോജിനെ അന്വേഷിച്ചിറങ്ങുകയും ചെയ്തു. എന്നാൽ അന്വേഷണം വഴി തിരിച്ചു വിടുന്ന തരത്തിലുള്ള അനൂജിന്റെ മൊഴികളും പെരുമാറ്റവും പൊലിസിന് സംശയമുണ്ടാക്കി. തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് അനൂജ് ബക്കറ്റും സ്യൂട്ട്കെയ്സും പിടിച്ച് പുറത്തേക്ക് പോകുന്നത് വ്യക്തമായത്. ഇതോടെ അനൂജിനെ ചോദ്യം ചെയ്ത് പൊലിസ് അറസ്റ്റ് രേഖപ്പെടുത്തി.