‘എന്റെ കാതുകളിൽ ഇപ്പോഴും ഒരു ബസിന്റെ ഇരമ്പൽ മുഴങ്ങുന്നുണ്ട്..ആ ഇരമ്പൽ എന്റെ കാതുകളിൽ വന്നു തറയ്ക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് കൃത്യം പത്തു വർഷം തികഞ്ഞിരിക്കുന്നു..എന്നെ നിങ്ങൾക്കറിയാം..ഒരിക്കൽ നിങ്ങളെനിക്കായി പ്രാർത്ഥിച്ചിട്ടുണ്ട്.. തെരുവുകളിൽ എനിക്കായ് ശബ്ദമുയർത്തിയിട്ടുണ്ട്.. മെഴുകുതിരികൾ തെളിയിച്ച് പ്രതിഷേധിച്ചിട്ടുണ്ട്.. നോവുന്ന ഒരോർമ്മയായി ഞാനിന്നും നിങ്ങൾക്കിടയിൽ ഉണ്ട്. .പത്തു വർഷങ്ങൾക്കപ്പുറമുള്ള ഡിസംബറിലെ ആ തണുത്ത രാത്രി..ആ രാത്രി ഞാനിന്നും ഓർമിക്കുന്നു..അവസാന പരീക്ഷ കഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു ഞാൻ..സാകേതിലെ സിറ്റി വാക്ക് മാളിൽ നിന്നും സുഹൃത്തിനൊപ്പം 'ലൈഫ് ഓഫ് പൈ'  സിനിമ കണ്ടുള്ള ആ മടക്ക യാത്ര.. ബസ് സ്റ്റോപ്പിൽ ഞങ്ങൾക്ക് മുന്നിൽ വന്നു നിന്ന ആ വെളുത്ത ബസ്... ഇരുട്ടിനെ ഭേദിച്ച് കടന്നു പോയിക്കൊണ്ടിരിക്കുന്ന ബസിന്റെ ഇരമ്പൽ... ബസിലുണ്ടായിരുന്ന ആ  ആറു പേർ..ഇവിടെ.. ഇവിടെ.. ഇവിടെ എന്റെ ഓർമകൾ മുറിയുന്നു.

മധുരപലഹാരങ്ങൾ ഒരുപാട് ഇഷ്ടമായിരുന്നു എനിക്ക്.. എന്നാൽ ഒരിറ്റു വെള്ളമിറക്കാനാവാതെ ആയിരുന്നു മടക്കം.. ഇനിയും നിങ്ങൾക്കെന്നെ മനസിലായില്ലേ..?? ഇതു ഞാനാണ്.. ഇന്ത്യയുടെ മകൾ എന്നു നിങ്ങൾ വിശേഷിപ്പിച്ച നിർഭയ..’

ഡിസംബർ 16. ആ ദിവസത്തെ  ഭൂതകാലത്തിൽ നിന്ന് രണ്ടു രീതിയിൽ ഓർമിച്ചെടുക്കാം.. ഒന്ന് ഒരു മനുഷ്യജീവന് സഹിക്കാവുന്നതിലുമപ്പുറം ഒരു പെൺകുട്ടി സഹിച്ച വേദനയുടെ നടുക്കുന്ന ഓർമകൾ പേറുന്ന ദിവസമായി. മറ്റൊന്ന് ആത്മാഭിമാനത്തോടെയും അന്തസോടെയും ജീവിക്കാനുള്ള തങ്ങളുടെ അവകാശത്തിനായി രാജ്യത്തെ സ്ത്രീകളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ച ദിവസമായി. ഇന്ന് വീണ്ടുമൊരു ഡിസംബർ മാസത്തിലെത്തി നിൽക്കുമ്പോൾ നിർഭയയുടെ ഓർമകള്‍ക്ക് പത്താണ്ട് പൂർത്തിയാവുകയാണ്.

രാജ്യത്തിന്റെ നിയമസംഹിതകളെപ്പോലും പൊളിച്ചെഴുതുന്ന തരത്തിൽ ഇന്ത്യയൊട്ടാകെ പിടിച്ചു കുലുക്കിയ ആ ക്രൂരമായ കൂട്ട ബലാത്സംഗത്തിന്റെ നടുക്കുന്ന ഓർമകൾ പത്താണ്ട് പിന്നിടുമ്പോൾ ഇന്നും രാജ്യത്തെ സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ നമ്മൾ എത്രത്തോളം മുന്നോട്ടു പോയി എന്ന ചോദ്യമാണ് ബാക്കിയാവുന്നത്. പേരുകൾ മാറി മാറി വരുന്നു ഹാഷ് ടാഗുകളും മാറി വരുന്നു . നീതി വേണമെന്ന ശബ്ദമുയരുന്നു. വീണ്ടും നിശബ്ദമാവുന്നു. ഇതുതന്നെയാണ് ആവര്‍ത്തിക്കുന്നതെന്ന് വേദനയോടെ പറയേണ്ടിവരുന്നു.

Ten years since Nirbhaya. What has changed?