ഷാറുഖ് ഖാന്‍ ചിത്രം പത്താന്‍ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനവുമായി ഹിന്ദു സംഘടനകളും മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എയും. സാമുദായിക വികാരം വ്രണപ്പെടുത്തിയെന്ന് മുസ്‍ലിം സംഘടനകളും ആരോപിച്ചു. എന്നാൽ വിവാദങ്ങൾക്കിടയിലും ലോകം എന്തുതന്നെ ചെയ്താലും പോസിറ്റീവായിരിക്കുമെന്ന് ഷാറുഖ് ഖാൻ പ്രതികരിച്ചു. അതിനിടെ, ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് അമിതാഭ് ബച്ചന്‍ നടത്തിയ പരാമര്‍ശത്തില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ഏറ്റുമുട്ടി.
ഷാറുഖ് ഖാനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രമായെത്തുന്ന പത്താനിലെ ഗാനം പുറത്തുവന്നതിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. ബേഷരം രംഗ് അഥവാ നാണമില്ലാത്ത നിറം എന്ന പാട്ടിലെ വരിയും ദീപികയുടെ കാവി നിറത്തിലെ അടിവസ്ത്രവും ചൂണ്ടിക്കാട്ടിയാണ് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. ഇന്‍ഡോറില്‍ താരങ്ങളുടെ കോലം കത്തിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലും ബേഷരം രംഗ് ചര്‍ച്ച കത്തിപ്പടരുകയാണ്. ജെഎന്‍യു സമരത്തിന് ദീപിക പിന്തുണ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ റാം കദം ചിത്രത്തിനെതിരെ രംഗത്തുവന്നത്. ഗാനരംഗത്തിലെ വസ്ത്രധാരണം ശരിയല്ലെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര കുറ്റപ്പെടുത്തി. ചിത്രം മുസ്‍ലിംങ്ങള്‍ക്കിടയിലെ പ്രബലവിഭാഗമായ പഠാന്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്ന് മധ്യപ്രദേശ് ഉലെമ ബോര്‍ഡ് അധ്യക്ഷന്‍ സയ്ദ് അനസ് അലി ആരോപിച്ചു.
അതേസമയം സങ്കുചിതമായ കാഴ്ച്ചപ്പാടുകളും ചിന്തകളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെടുന്നതായി കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്രോല്‍സവ വേദിയില്‍ ഷാറുഖ് പറഞ്ഞു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെ ചോദ്യങ്ങളുയരുന്നുവെന്നാണ് അതേ ചടങ്ങില്‍ അമിതാഭ് ബച്ചന്‍ പറഞ്ഞത്. മമത ബാനര്‍ജിയെ അടുത്തു നിര്‍ത്തി ബച്ചന്‍ അത് പറഞ്ഞത് പ്രവചനസ്വഭാവത്തോടെയാണെന്ന് ബിജെപി പ്രതികരിച്ചു. എന്നാൽ ബിജെപി ഭരണത്തിന് കീഴിലാണ് ആവിഷ്ക്കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതെന്ന് ടിഎംസി എംപിയും നടിയുമായി നുസ്രത് ജഹാന്‍ തിരിച്ചടിച്ചു.
Boycott against Pathan; stay as positive, says Shah Rukh Khan