mg-university-sfi-aisf-3

എംജി സർവകലാശാല സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ അടക്കമുള്ള നേതാക്കൾക്കെതിരെ എഐഎസ്എഫ് നേതാവ് നൽകിയ പരാതി കെട്ടിച്ചമച്ചതെന്ന് പൊലീസ്. സംഘർഷത്തിനിടെ ജാതീയമായി അധിക്ഷേപിക്കുകയും കായികമായി ആക്രമിക്കുകയും ചെയ്തെന്ന എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിന്റെ പരാതിയിലാണ് ക്ലീൻ ചിറ്റ് നൽകിയത്. എസ്.എഫ്.ഐ പ്രവർത്തകർ ഇത്തരത്തിലുള്ള കുറ്റം ചെയ്യില്ലെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു.

  

2021 ഒക്ടോബർ 21ന് എംജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ക്യാംപസിൽ സംഘർഷമുണ്ടായത്. തിരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് പ്രവർത്തകരെ മർദിച്ചത് തടയാനെത്തിയ തന്നെ എസ്.എഫ്.ഐ നേതാക്കളായ പി.എം.ആർഷോ അടക്കം പത്തുപേർചേർന്ന് ജാതീയമായി അധിക്ഷേപിച്ചുവെന്നും, സ്ത്രീത്വത്തെ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ ശാരീരിക ആക്രമണം നടത്തിയെന്നുമാണ് പരാതി. എന്നാൽ പരാതിയിൽ കഴമ്പില്ലായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് പൊലീസ് നിലപാട്. മർദനമുണ്ടായതായി ദൃശ്യങ്ങളോ, തെളിവുകളോയില്ല. 

 

സർവമതസ്ഥരും ഉൾപ്പെടുന്ന എസ്എഫ്ഐ പോലൊരു പ്രസ്ഥാനത്തിന്റെ പ്രവർത്തകർ പരാതിയിൽ പറയുന്ന കുറ്റകൃത്യം ചെയ്യുമെന്നത് വസ്തുതാ വിരുദ്ധമെന്നും കോട്ടയം ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. പൊലീസ് നീതിപൂർവമല്ലാ ഇടപെട്ടതെന്ന് പരാതിക്കാരി ആരോപിച്ചു. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന്, നിമിഷയും സി പി.ഐയും വ്യക്തമാക്കി.

 

Police clean chit to SFI leaders