
ഒന്നര പതിറ്റാണ്ടിലേറെയായുള്ള കാത്തിരിപ്പിനൊടുവിൽ കൊച്ചുവേളി റയിൽവേ ടെർമിനലിന്റെ രണ്ടാംഘട്ടം പൂർത്തിയായി. മൂന്ന് പുതിയ പ്ലാറ്റ്ഫോം ലൈനുകളും ഒരു സ്റ്റേബിളിങ് ലൈനുമാണ് യാഥാർഥ്യമായത്. പ്ലാറ്റ്ഫോമുകളുടെ കുറവുകാരണം തിരുവനന്തപുരം ഡിവിഷന് ട്രെയിനുകൾ നഷ്ടമാകുന്നതിനും ഇതോടെ അവസാനമാകും. 2005 ലേ നടപ്പാക്കേണ്ടിയിരുന്ന മാസ്റ്റർപ്ലാനിലെ ജോലികളാണ് 17 വര്‍ഷത്തിനുശേഷം പൂര്‍ത്തിയായത്. നിരവധി ട്രെയിനുകൾ റദ്ദാക്കി ഒന്നാം തീയതി തുടങ്ങിയ അവസാനവട്ട പണികൾ പൂർത്തിയായത് പടക്കംപൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ജീവനക്കാർ ആഘോഷിച്ചത്.
പ്ലാറ്റ്ഫോമുകളില്‍ ഒന്നില്‍ ട്രാക്കും രണ്ടെണ്ണത്തില്‍ സിഗ്നല്‍ സംവിധാനവും പ്രവര്‍ത്തനക്ഷമമായി. ഇതോടെ 6 പ്ളാറ്റ്ഫോമുകള്‍, ട്രെയിനുകള്‍ നിര്‍ത്തിയിടാനുളള 4 സ്റ്റേബിളിങ് ലൈനുകള്‍ , അറ്റകുററപ്പണികള്ക്കായുളള 3 പിറ്റ്ലൈനുകൾ എന്നിവ കൊച്ചുവേളിക്ക് സ്വന്തം. പ്ലാറ്റ്ഫോം ലൈനുകള്‍ ബന്ധിപ്പിച്ചതോടെ ട്രെയിനുകളുടെ പ്ലാറ്റ്ഫോം മാറ്റവും ഷണ്ടിങും എളുപ്പമാകും. സൗകര്യക്കുറവിന്റെ പേരുപറഞ്ഞ് കഴിഞ്ഞകാലങ്ങളില്‍ നിരവധി ട്രെയിനുകള്‍ തിരുവനന്തപുരം ഡിവിഷന് നഷ്ടപ്പെട്ടിരുന്നു. കൂടുതല്‍ പ്ലാറ്റ്ഫോം സൗകര്യം ലഭ്യമാകുന്നതോടെ ഒൗട്ടറില്‍ ട്രെയിനുകള്‍ അനാവശ്യമായി പിടിച്ചിടുന്നത് അവസാനിക്കും. മൂന്നാംഘട്ട നിര്‍മാണ ജോലികള്‍ക്കും വൈകാതെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
kochuveli railway terminal II phase completed