ഖത്തർ ലോകകപ്പിലെ നാടകീയ നിമിഷങ്ങളും പരുക്കൻ അടവുകളും കൊണ്ട് സമ്പന്നമായിരുന്ന ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീനയ്‌ക്ക് തകര്‍പ്പന്‍ ജയം. പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിലാണ് അർജന്റീനയുടെ ജയം. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് മെസിയുടെ ടീം ജയിച്ചു കയറിയത്. അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, ലിയാൻഡ്രോ പരേദസ്, ഗോൺസാലോ മോണ്ടിയെൽ, ലൗട്ടാരോ മാർട്ടിനസ് എന്നിവർ ലക്ഷ്യം കണ്ടു. അർജന്റീന താരം എൻസോ ഫെർണാണ്ടസിന്റെ കിക്ക് പുറത്തുപോയി. നെതർലൻഡ്സിനായി ക്യാപ്റ്റൻ വിർജിൻ വാൻ ദെയ്ക്, സ്റ്റീവൻ ബെർഗ്യൂസ് എന്നിവരെടുത്ത കിക്കുകൾ തടഞ്ഞിട്ട ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസാണ് അർജന്റീനയുടെ ഹീറോ. നെതർലൻഡ്സിനായി കൂപ്മെയ്നേഴ്സ്, വൗട്ട് വെഗ്ഹോസ്റ്റ്, ലൂക് ഡി ജോങ് എന്നിവർ എടുത്ത കിക്ക് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന‍് പെനൽറ്റി ഷൂട്ടൗട്ട് അനിവാര്യമായത്. നേരത്തേ, ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ അർജന്റീന ബോക്സിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നാണ് നെതർലൻഡ്സ് സമനില ഗോൾ നേടിയത്. ഈ ഗോളോടെ നിശ്ചിത സമയത്ത് ഇരു ടീമുകളും 2–2 എന്ന നിലയിൽ സമനില പാലിച്ചു. നെതർലൻഡ്സിനായി പകരക്കാരൻ താരം വൗട്ട് വെഗ്‌ഹോസ്റ്റ് ഇരട്ടഗോൾ നേടി. 83, 90+11 മിനിറ്റുകളിലായിരുന്നു വെഗ്ഹോസ്റ്റിന്റെ ഗോളുകൾ. അർജന്റീനയ്ക്കായി നഹുവേൽ മൊളീന (35–ാം മിനിറ്റ്), സൂപ്പർതാരം ലയണൽ മെസ്സി (73–ാം മിനിറ്റ്, പെനൽറ്റി) എന്നിവരാണ് ലക്ഷ്യം കണ്ടത്. ഡിസംബർ 13ന് ഇതേ വേദിയിൽ നടക്കുന്ന സെമിഫൈനലിൽ ക്രൊയേഷ്യയെ നേരിടും. ആദ്യ ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്.
Netherlands vs Argentina, FIFA World Cup 2022, Score