പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ടീമായ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിയിൽ. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്ലാസിച്ച്, ലോവ്‌റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്‌ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതോടെ ബ്രസീൽ പുറത്തേക്ക്.
പ്രീക്വാർട്ടറിൽ ജപ്പാന്റെ പോരാട്ടവീര്യത്തെയും പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്നതിനു പിന്നാലെയാണ്, ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെയും പെനൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യ വീഴ്ത്തിയത്. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിലും പ്രീക്വാർട്ടറിലും ക്വാർട്ടറിലും അവർ പെനൽറ്റി ഷൂട്ടൗട്ടിലാണ് ജയിച്ചത്. സെമിയിൽ എക്സ്ട്രാ ടൈമിലും. ഡിസംബർ 13നു നടക്കുന്ന ഒന്നാം സെമിഫൈനലിൽ അർജന്റീന – നെതർലൻഡ്സ് ക്വാർട്ടർ വിജയികളാണ് ക്രൊയേഷ്യയുടെ എതിരാളികൾ.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലും ഒറ്റക്കെട്ടായി പ്രതിരോധിച്ച ക്രൊയേഷ്യയെ ഞെട്ടിച്ച്, നെയ്മാറിലൂടെ ബ്രസീലിന് ആഗ്യ ലീഡ്. എക്സ്ട്രാ ടൈമിന്റെ ആദ്യപകുതിയുടെ ഇൻജറി ടൈമിലാണ് തകർപ്പൻ ഗോളുമായി നെയ്മാർ ബ്രസീലിന് ലീഡ് സമ്മാനിച്ചത്. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ തിരിച്ചടിച്ച് ക്രൊയേഷ്യ. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ പകരക്കാരൻ താരം ബ്രൂണോ പെട്കോവിച്ചാണ് ക്രൊയേഷ്യയ്‌ക്കായി ഗോൾ മടക്കിയത്. ഇതോടെ, ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചു.
നേരത്തേ, രണ്ടാം പകുതിയിൽ താരതമ്യേന ആക്രമിച്ചു കളിച്ച ബ്രസീലിന് ലക്ഷ്യം നേടാനാകാതെ പോയതോടെയാണ് ലോകകപ്പിലെ ആദ്യ ക്വാർട്ടർ പോരാട്ടം വിജയികളെ കണ്ടെത്താൻ അധിക സമയത്തേക്ക് നീണ്ടത്. ആദ്യപകുതിയിൽ ക്രൊയേഷ്യയും രണ്ടാം പകുതിയിൽ ബ്രസീലും ആധിപത്യം പുലർത്തിയെങ്കിലും ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. മത്സരം അവസാന 10 മിനിറ്റിലേക്കു കടന്നതിനു പിന്നാലെ വിജയഗോളിനായി സമ്മർദ്ദം ചെലുത്തി ബ്രസീൽ ആക്രമിച്ചു കയറിയെങ്കിലും ലക്ഷ്യം, ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാക്കോവിച്ചിന്റെ തകർപ്പൻ സേവുകൾ അവർക്കു രക്ഷയായി.
ലോക ഒന്നാം നമ്പർ ടീമായ ബ്രസീലിനെ വിറപ്പിക്കുന്ന പ്രകടനവുമായി കളംനിറഞ്ഞ ക്രൊയേഷ്യയായിരുന്നു ആദ്യ പകുതിയിൽ കയ്യടി നേടിയത്. ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ചില മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. ബ്രസീലിനെ സ്വതസിദ്ധമായ ശൈലി പുറത്തെടുക്കാൻ അനുവദിക്കാത്ത പ്രകടനം നടത്തിയാണ് ക്രൊയേഷ്യ ആദ്യപകുതിക്കു ശേഷം തിരികെ കയറിയത്.Croatia vs Brazil, FIFA World Cup 2022 Quarterfinal, Final Score